larry

അബുദാബി: വിവിധ ലോക രാജ്യങ്ങൾ കൊവിഡ് വാക്സിനായുള്ള പരീക്ഷണങ്ങൾ തകൃതിയായി നടക്കവെ, ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നാലെ യു.എ.ഇയിലും കൊവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു.
അബുദാബി ഹെൽത്ത് സർവീസ് (സെഹാ) ആണ് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. യു.എ.ഇയിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറഞ്ഞു വരുന്നതിനിടെയാണ് ആശ്വാസമേകുന്ന ഈ വാർത്തയും പുറത്തുവന്നിരിക്കുന്നത്. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം സി.എൻ.ബി.സിയുടെ സഹകരണത്തോടെ അബുദാബി ആരോഗ്യവകുപ്പിന്റെ ജി 42ന്റെ നേതൃത്വത്തിലാണ് പരീക്ഷണം.
യു.എ.ഇയുടെ പരീക്ഷണങ്ങൾ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ 20ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പരീക്ഷണങ്ങൾക്ക് തയ്യാറായി രജിസ്റ്റർ ചെയ്തിരിക്കുകയാണ്. വാക്സിൻ എടുക്കുന്നവരെ 42 ദിവസം നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പതിനായിരത്തിലധികം ആളുകൾ ഇതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വോളണ്ടിയറാകാനുള്ള രജിസ്ട്രേഷൻ ഇപ്പോഴും തുടരുകയാണെന്നും 15,000 ആളുകളിൽ വരെ പരീക്ഷണം നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

നയിക്കുന്നത് ഭരണകൂടം
കൊവിഡ് വൈറസിനെ തുരത്തുന്നതിനുള്ള ശ്രമങ്ങൾക്ക് യു.എ.ഇ ഭരണകൂടമാണ് നേതൃത്വം നൽകുന്നതെന്ന് യു.എ.ഇ ആരോഗ്യ വിഭാഗം അറിയിച്ചു. അബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ ഷേഖ് അബ്ദുള്ള ബിൻ മൊഹമ്മദ് അൽ ഹമീദ് വാക്സിൻ പരീക്ഷണത്തിനായി സ്വയം സന്നദ്ധനായി മുന്നോട്ട് വന്നിരുന്നു.

 ലോകത്ത് രോഗികൾ 1.60 കോടി ,

ഇന്ത്യ മൂന്നാംസ്ഥാനത്ത്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.60 കോടി പിന്നിട്ടു. മരണം 6,44,740 കടന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് പടരുകയാണ്. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 75,580 പേർക്കും ബ്രസീലിൽ 58,249 പേർക്കും രോഗം ബാധിച്ചു. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,066 പേരും ബ്രസീലിൽ 1,178 പേരും മരിച്ചു. മെക്‌സിക്കോയിലും ഇന്നലെ 718 പേർ മരിച്ചു.

ഏറ്റവും കൂടുതൽ രോഗികൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തായി. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ മെക്‌സിക്കോ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലും രോഗവ്യാപനം വർദ്ധിക്കുകയാണ്.

128 ദിവസത്തെ പോരാട്ടം, ഒടുവിൽ കൊവിഡ് പമ്പകടന്നു

ന്യൂയോർക്ക്: 128 ദിവസത്തെ പോരാട്ടം. പലപ്പോഴും തളർന്നു. വെന്റിലേറ്ററിലായി. എന്നിട്ടും 68 കാരൻ ലാരികെല്ലി കൊവിഡിനെ തോല്പിച്ചു. ആശുപത്രിയിൽ നിന്ന് തിരികെ വന്ന് ഒന്നിച്ച് ജീവിക്കുമെന്ന് ഭാര്യയ്ക്കും മകൾക്കും കൊടുത്ത വാക്ക് പാലിക്കാനായാണ് താൻ വൈറസിനോട് പൊരുതി കീഴടക്കിയതെന്ന് ലാരി പറയുന്നു.

ഇതോടെ ലാരികെല്ലി 'താരമായി'.എല്ലാവരും മിറാക്കിൾ ലാരി (അത്ഭുത ലാരി) എന്ന് വിളിക്കാനും തുടങ്ങി. മാർച്ച് 17നാണ് ലാറി കൊവിഡ് ബാധിച്ച് മാൻഹട്ടണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 51 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു. ശേഷം ലാരിയുടെ അവസ്ഥ മെച്ചപ്പെടാൻ തുടങ്ങി. വെന്റിലേറ്ററിൽ കോമയിലായിരുന്ന ലാരി തിരിച്ചു വന്നതോടെ സഹോദരനാണ് 'മിറാക്കിൾ ലാരിയെന്ന്" വിളിച്ചത്. തന്റെ തിരിച്ചുവരവിന് ഭാര്യ ഡാണിനോടും മകളോടും ആശുപത്രിയോടുമെല്ലാം നന്ദി പറഞ്ഞ ലാരി വളരെ വികാരഭരിതനായാണ് ആശുപത്രി വിട്ടിറങ്ങിയത്.