cover-song

സൂഫിയും സുജാതയും' എന്ന സിനിമയിലെ 'വാതിക്കല് വെള്ളരിപ്രാവ്...വാക്ക് കൊണ്ട് മുട്ടണ് കേട്ട്...എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്. ബി.കെ ഹരിനാരായണന്റെയും ഷാഫി കൊല്ലത്തിന്റേയും വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നതാണ് ഗാനം. നിത്യ മാമ്മന്‍, സിയ ഉള്‍ ഹഖ്, അര്‍ജുന്‍ കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യ ഒടിടി റിലീസ് ചിത്രമാണ് 'സൂഫിയും സുജാതയും' .


'വാതിക്കല് വെള്ളരിപ്രാവ്... എന്ന അതിമനോഹരഗാനത്തിന്റെ വയലിന്‍ കവര്‍ സോംഗാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. ഫായിസ് മുഹമ്മദ് ചെയ്തിറക്കിയ വയലിന്‍ കവര്‍ സോംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു. വയലിനൊപ്പം ഗാനാലാപനവുമായി പ്രശസ്ത ഗായിക സുമി അരവിന്ദാണ് ചേർന്നത്. ഫായിസ് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പ്രമുഖരാണ് ഷെയർ ചെയ്തിരിക്കുന്നത്.നടന്‍ ജയസൂര്യ, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, മനോജ് കെ. ജയന്‍,വരികളെഴുതിയ ബി. കെ ഹരിനാരായണന്‍, ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ വിജയ് ബാബു അടക്കം നിരവധി താരങ്ങളാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കു വെച്ചത്. എഫ് .എം സ്റ്റുഡിയോ പ്രൊഡക്ഷനാണ് സംഗീതം നിർമ്മിച്ചിരിക്കുന്നത്.

ഫായിസിന്റെ വാക്കുകളിലേയ്ക്ക്: 

'ലോക്ക് ഡൗൺ കാലത്ത് കവർ സോംഗ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ക്വാറെൻറ്റീൻ സാഹചര്യങ്ങളെക്കുറിച്ച് രണ്ട് വീഡിയോ ചെയ്തിരുന്നു. അതിന് ശേഷമാണ് 'വാതിക്കല് വെള്ളരിപ്രാവി'ലേയ്ക്ക് എത്തിയത്. പാട്ടിന്റെ വോക്കൽ ചെയ്തത് സുമി അരവിന്ദാണ്. സുമി ദുബായിൽ വച്ചാണ് അത് റെക്കാർഡ് ചെയ്ത് അയച്ച് തരുന്നത്. രണ്ട് സ്ഥലത്തിരുന്നു കവർ സോംഗ് ചെയ്യുക വളരെ ബുദ്ധിമുട്ടാണ്.വോക്കൽ ലഭിച്ചതിന് ശേഷം അതിനനുസരിച്ചാണ് വയലിൻ ചെയ്തത്. ഏറ്റവും സന്തോഷം തോന്നിയത് എം. ജയചന്ദ്രൻ സാർ നേരിട്ട് മെസേജ് അയച്ച് അഭിനന്ദിപ്പോഴാണ്. 'താങ്കളുടെ വയലിൻ വായന എന്റെ ഹൃദയത്തിൽ സ്പർശിച്ചു പോയി 'എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഒരു പാട്ടിന്റെ ഏറ്റവും വലിയ ഘടകം അതിന്റെ സംഗീതമാണ്. അപ്പോൾ ആ പാട്ടിന്റെ സംഗീതസംവിധായകൻ തന്നെ അഭിനന്ദിക്കുക എന്നത് അവാർഡ് ലഭിക്കുന്നത് തുല്യമാണ്. സിനിമയിലെ അഭിനേതാവായ ജയൻ ചേട്ടനും ചിത്രത്തിന്റെ നിർമാതാവും നടനുമായ വിജയ് ബാബു ചേട്ടനും വീഡിയോ ഷെയർ ചെയ്തിരുന്നു. വരികളെഴുതിയ ബി കെ ഹരിനാരായണൻ, മനോജ് കെ ജയൻ തുടങ്ങിയ പ്രമുഖരും വീഡിയോ പങ്കുവച്ചു.

അടുത്തതായി ആഗസ്റ്റ് 15ലേയ്ക്ക് ചെയുന്ന പുതിയ പാട്ടാണ്.പ്രമുഖ പിന്നണിഗായകർ ഉൾപ്പടുന്ന ഗാനം ആഗസ്റ്റ് 10നാകും റീലീസ് ചെയ്യുക. ദേശസ്നേഹം ആസ്പദമാക്കിയാണ് ഗാനം. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനെയും ലോകസമാധാനത്തെയും പറ്റിയാണ് ചർച്ച ചെയ്യുന്നത്."