മോസ്കോ: ആനയുടെ മുൻ തലമുറക്കാരായ മാമത്തിന്റെ ഫോസിലുകൾ വടക്കൻ സൈബീരിയയിൽ കണ്ടെത്തി. യമലോ-നെനെറ്റ്സ് പ്രവിശ്യയിലെ പെഷെവെലവാറ്റോ തടാകക്കരയിൽ കന്നുകാലികളെ മേയ്ക്കുന്നവരാണ് വൂളി മാമത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന്, റഷ്യൻ ശാസ്ത്രജ്ഞരെത്തി മാമത്തിന്റെ അവശിഷ്ടങ്ങൾ ശേഖരിക്കുകയാണ്. തലയോട്, താടിയെല്ല്, വാരിയെല്ലുകൾ, കേടു സംഭവിക്കാത്ത കാലുകളുടെ ഭാഗങ്ങൾ എന്നിവയാണ് കണ്ടെത്തിയിരിക്കുന്നത്. ഖനനത്തിലൂടെ വേറെ ചില അസ്ഥികളും കണ്ടെത്തി. മാമത്തുകളുടെ അസ്ഥികൾ പൂർണമായും കണ്ടെത്താൻ അപൂർവമായേ കഴിഞ്ഞിട്ടുള്ളൂവെന്നും ഇവയെപ്പറ്റി കൂടുതൽ മനസിലാക്കുന്നതിന് ഇത് സാഹായിക്കുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. സൈബീരിയയിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞുപാളികൾക്കടിയിൽ നിന്നും നേരത്തേയും മാമത്തുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
ആരാണ് വൂളി മാമത്തുകൾ?
ആനകളിലെ വംശനാശം സംഭവിച്ച മാമത്തുകൾക്കിടയിലെ ഒരു വിഭാഗമാണ് വൂളി മാമത്തുകൾ. ശരീരം രോമാവൃതമായതിനാലാണ് ആ പേര് ഇവയ്ക്ക് ലഭിച്ചത്. തുന്ദ്ര മാമത്ത് എന്നും ഇവയ്ക്ക് പേരുണ്ട്. 1,50,000 വർഷങ്ങൾക്ക് മുമ്പ് ജന്മംകൊണ്ട വൂളി മാമത്തുകൾക്ക് 10,000 വർഷങ്ങൾക്കു മുമ്പ് വംശനാശം സംഭവിച്ചു.
ഒരു ആഫ്രിക്കൻ ആനയുടെ ഭാരവും വലിപ്പവും ഉണ്ടായിരുന്ന വൂളി മാമത്തുകൾക്ക് പൊക്കം കുറവായിരുന്നു. പൂർണ വളർച്ചയെത്തിയ വൂളി മാമത്തുകൾക്ക് 2.8 മീറ്റർ ആയിരുന്നു ഉയരം. എട്ട് ടൺ വരെ ഭാരം. ശരീരത്തിൽ ഒരു മീറ്റർ നീളമുള്ള മുടികളുണ്ടായിരുന്നു. തൊലിയോട് ചേർന്ന് മറ്റൊരു പാളി മുടിയും ഇവയ്ക്ക് ഉണ്ടായിരുന്നു. ആനകളെക്കാൾ ചെറിയ ചെവിയായിരുന്നു ഇവയ്ക്ക്. അലാസ്കയിലും സൈബീരിയക്കടുത്തുള്ള റാങ്കൽ ദ്വീപിലുമായി വൂളി മാമത്തുകൾ ജീവിച്ചിരുന്നെന്നും കണക്കാക്കപ്പെടുന്നു.