മനസിലെ ആഗ്രഹം സാധിക്കാൻ ഏതറ്റം വരെയും പോകാൻ തയാറായിട്ടുള്ളവർക്ക് വിജയം ഉറപ്പാണ്. ഡോ. പി.കെ മഹാനന്ദിയയെ പറ്റി കേട്ടിട്ടുണ്ടോ.? കേട്ടിരിക്കാം. അദ്ദേഹത്തിന്റെ കഥ അറിയാത്തവരാണെങ്കിൽ തീർച്ചയായും ആ കഥ അറിയുകയും വേണം. സിനിമയെ വെല്ലുന്ന പ്രണയക്കഥയും സാഹസവുമൊക്കെയാണ് മഹാനന്ദിയയുടെ ജീവിതം. ഒരു സാധാരണ ദളിത് കുടുംബത്തിൽ നിന്നും സ്വീഡിഷ് സർക്കാരിന്റെ ഉന്നത പദവി അലങ്കരിക്കുന്ന മഹാനന്ദിയയുടെ കഥ ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലെല്ലാം നിറഞ്ഞ് തന്നെ നില്ക്കുന്നു.
ഒറീസയിലെ കിഴക്കൻ വനപ്രദേശത്താണ് മഹാനന്ദിയ ജനിച്ചത്. കുട്ടിയായിരിക്കെ ഏറെ പ്രതീക്ഷകളുമായി മഹാനന്ദിയ സ്കൂളിലേക്കെത്തി. എന്നാൽ അവനെ അവിടെ കാത്തിരുന്നത് ' ദളിത് ' എന്ന പേരിലെ വേർതിരിവുകളായിരുന്നു. സ്കൂളിലെ അദ്ധ്യാപകർ മഹാനന്ദിയയോട് പറഞ്ഞത് അവനെ മറ്റ് കുട്ടികൾക്കൊപ്പം ഇരുത്താൻ സാധിക്കില്ലെന്നായിരുന്നു.
മറ്റ് കുട്ടികൾ അവനെ തൊടാൻ കൂട്ടാക്കിയില്ല. ചെറുപ്രായത്തിൽ തന്നെ തൊട്ടുകൂടായ്മയെന്ന ദുഃരാചാരം എത്രത്തോളം ഭീകരമാണെന്ന് മഹാനന്ദിയ മനസിലാക്കി. എന്നാൽ മഹാനന്ദിയെ ലക്ഷ്യസ്ഥാനത്ത് നിന്നും പിന്തിരിപ്പിക്കാൻ ഒരു തൊട്ടുകൂടായ്മയ്ക്കും കഴിഞ്ഞില്ല. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹാനന്ദിയ 1971ൽ ഡൽഹിയിലെ ആർട്ട് കോളേജിൽ ചേർന്നു. മികച്ച വിദ്യാർത്ഥിയായതിനാൽ സ്കോളർഷിപ്പ് ലഭിച്ചു. ഫൈൻ ആർട്സ് ആയിരുന്നു മഹാനന്ദിയ തിരഞ്ഞെടുത്തത്. എന്നാൽ സ്കോളർഷിപ്പ് തുക കൊണ്ട് മാത്രം പഠനം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് മനസിലായതോടെ ജോലി കണ്ടെത്താനും ശ്രമം നടത്തി. എന്നാൽ ദളിതനാണെന്ന പേരിൽ പലയിടത്തും മഹാനന്ദിയയ്ക്ക് ജോലി ലഭിക്കാതെ പോയി.
എന്നാൽ പെട്ടെന്നായിരുന്നു എല്ലാം മാറി മറിഞ്ഞത്. ഒരിക്കൽ ഒരു ആഘോഷച്ചടങ്ങിനിടെ ആദ്യമായി ബഹിരാകാശത്ത് എത്തിയ വനിതയായ സോവിയറ്റ് യൂണിയന്റെ വാലന്റീന തെരഷികോവയെ മഹാനന്ദിയ കാണാനിടെയായി. ഒട്ടും വൈകാതെ മഹാനന്ദിയ തന്റെ കൺമുന്നിൽ പതിഞ്ഞ തെരഷ്കോവയുടെ രൂപം പേപ്പറിൽ വരച്ചു. പിറ്റേ ദിവസം എല്ലാ ദിനപത്രങ്ങളുടെയും വാർത്ത ഇതായിരുന്നു. ബഹിരാകാശത്ത് നിന്നുമുള്ള സ്ത്രീ വനത്തിൽ നിന്നുള്ള മനുഷ്യനെ കാണുന്ന തരത്തിലുള്ള തലക്കെട്ടുകളായിരുന്നു മിക്കവയും.
മഹാനന്ദിയുടെ ചിത്രകലയിലുള്ള വൈവിദ്ധ്യം അങ്ങനെ ഇന്ത്യയൊട്ടാകെ അറിയപ്പെട്ടു. ഇന്ത്യയുടെ ഉരുക്കുവനിതയായ ഇന്ദിരാ ഗാന്ധിയുടെ ചിത്രവും മഹാനന്ദിയയുടെ കൈകളിൽ വിരിഞ്ഞു. ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസ് സന്ദർശിക്കാനെത്തുന്ന ടൂറിസ്റ്റുകൾക്കും മഹാനന്ദിയ അവരുടെ ചിത്രങ്ങൾ വരച്ചു നൽകി.
കൊണാട്ട് പ്ലേസിൽ വച്ചാണ് മഹാനന്ദിയയുടെ ജീവിതത്തിന്റെ മറ്റൊരു വഴിത്തിരിവും സംഭവിച്ചത്. ഇവിടെ വച്ചാണ് അദ്ദേഹം ഷാർലറ്റ് വോൺ ഷെഡ്വിൻ എന്ന സ്വീഡിഷ് യുവതിയെ പരിചയപ്പെട്ടത്. 1975 ഡിസംബർ 17നായിരുന്നു അത്. 22 ദിവസത്തെ യാത്രയുടെ ഭാഗമായി ഡൽഹിയിൽ എത്തിയതായിരുന്നു ഷാർലറ്റ്. സ്വീഡനിലെ ഒരു ഉയർന്ന കുടുംബത്തിൽപ്പെട്ടയാളായിരുന്നു ഷാർലെറ്റ്. എന്നാൽ അങ്ങനെയൊരു അന്തരം അവർക്കിടെയിലുണ്ടായില്ല. വെറും 3 ദിവസങ്ങൾക്കുള്ളിൽ തന്നെ ഷാർലെറ്റും മഹാനന്ദിയയും വളരെയേറെ അടുത്തു.
ഇരുവരും മഹാനന്ദിയയുടെ ജന്മദേശമായ ഒറീസയിലേക്ക് യാത്ര തിരിച്ചു. മഹാനന്ദിയയുടെ കുടുംബത്തിന്റെ ആശിർവാദത്തോടെ ഇരുവരും വിവാഹിതരായി. എന്നാൽ പഠനം പൂർത്തിയാക്കാൻ ഷാർലറ്റിന് അധികം വൈകാതെ സ്വീഡനിലേക്ക് മടങ്ങേണ്ടി വന്നു. മഹാനന്ദിയയ്ക്കാകട്ടെ ഇന്ത്യയിൽ തുടരേണ്ട ആവശ്യവുമുണ്ടായിരുന്നു. താൻ ഉടനെ സ്വീഡനിലെത്തുമെന്ന് സമാധാനിപ്പിച്ച് മഹാനന്ദിയ ഷാർലറ്റിനെ യാത്രയാക്കി. അകലെയാണെങ്കിലും കത്തുകളിലൂടെ ഇരുവരും പരസ്പരം തങ്ങളുടെ പ്രണയം കൈമാറി. അങ്ങനെ ഒരു വർഷത്തോളം കടന്നുപോയി.
ഒരിക്കൽ, മഹാനന്ദിയയ്ക്ക് എത്രയും വേഗം ഷാർലറ്റിനെ കാണണമെന്ന് തോന്നി. പിന്നെ കൂടുതൽ ആലോചിക്കാതെ സ്വീഡനിലേക്ക് പോകാൻ തീരുമാനിച്ചു. വിമാന ടിക്കറ്റിനുള്ള പണം മഹാനന്ദിയയുടെ പക്കൽ ഇല്ലായിരുന്നു. എങ്കിലും തനിക്കുള്ളതെല്ലാം വിറ്റു പെറുക്കി ഒരു സെക്കന്റ് ഹാൻഡ് സൈക്കിൾ വാങ്ങി. പിന്നെ ഒരു യാത്രയായിരുന്നു. ഇന്ത്യയിൽ നിന്നും സ്വീഡനിലേക്ക് ഷാർലറ്റിനെ കാണാനുള്ള സൈക്കിൾ യാത്ര. ! അഞ്ച് മാസം കൊണ്ടാണ് മഹാനന്ദിയ സ്വീഡനിലെത്തിയത്. അങ്ങനെ മഹാനന്ദിയയും ഭാര്യ ഷാർലറ്റും ഒന്നിച്ചു. ഇന്ന് മഹാനന്ദിയ സ്വീഡനിലെ അറിയപ്പെടുന്ന ഒരു ചിത്രകാരനും സ്വീഡിഷ് സർക്കാരിന്റെ കലാ - സാംസ്കാരിക ഉപദേഷ്ടാവുമാണ് അദ്ദേഹം. നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയേയും തരണം ചെയ്യാം. അതാണ് ഡോ. പി.കെ മഹാനന്ദിയയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.