behra

തിരുവനന്തപുരം: സംസ്ഥാന പൊലീസ് വകുപ്പിൽ കീഴ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന ഉത്തരവുകൾ ഇറക്കരുതെന്ന താക്കീതുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പൊലീസുകാരുടെ മനോവീര്യവും ക്ഷേമവും ഉറപ്പാക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇടുക്കി എസ്.പിയുടെ ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് ഡി.ജി.പിയുടെ താക്കീത്.

കൊവിഡ് ബാധിക്കുകയോ ക്വാറന്റീനിൽ പോവുകയോ ചെയ്‌താൽ വകുപ്പുതല നടപടിയെടുക്കുമെന്നുള്ള ഇടുക്കി എസ്.പിയുടെ നിർദേശം വിവാദമായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ- കട്ടപ്പന ഡി.വൈ.എസ്.പിമാർ ഇന്നലെ ഇറക്കിയ സർക്കുലർ ആണ് വിവാദമായത്. കൊവിഡ് കാലത്ത് മികച്ച സേവനം നൽകുന്ന പൊലീസുകാരോടുള്ള അവഹേളനമാണ് ഉത്തരവെന്ന് ആക്ഷേപം ശക്തമായി.

പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് കാലത്ത് പാലിക്കേണ്ട നിയന്ത്രങ്ങണളും മുൻകരുതലുകളും വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവി എ.കറുപ്പസ്വാമി ഇറക്കിയ ഉത്തരവിന് പിന്നാലെയായിരുന്നു ഡി.വൈ.എസ്.പി മാരുടെ വിവാദ സർക്കുലർ പുറത്തുവന്നത്. ആത്മാർത്ഥമായി ജോലി ചെയ്യുന്ന പൊലീസുകാരുടെ മനോവീര്യം കെടുത്തുന്നതാണ് ഉത്തരവെന്നായിരുന്നു പ്രതിപക്ഷ സംഘടനകൾ അടക്കം ആരോപിച്ചത്.