fb

ഇസ്താംബുൾ: സാമൂഹ്യ മാദ്ധ്യമങ്ങളെ സർക്കാർ നിയന്ത്രണത്തിലാക്കുന്നതിനുള്ള നിയമവുമായി തുർക്കി. ഫേസ്ബുക്ക്, യു ട്യൂബ്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം ഫലത്തിൽ ഇല്ലാതാക്കുന്ന നിയമം തുർക്കി പാർലമെന്റ് ഉടൻ പാസാക്കും. 10 ലക്ഷത്തിൽ കൂടുതൽ ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ കമ്പനികൾ തുർക്കിയിൽ അവരുടെ പ്രതിനിധികളെ നിയമിക്കണമെന്നതാണ് നിയമത്തിലെ വ്യവസ്ഥ. ഈ പ്രതിനിധി തുർക്കി നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണം. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരുന്ന പോസ്റ്റുകളെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് 48 മണിക്കൂറിനകം മറുപടിയും നൽകണം. ഈ കമ്പനികൾ ശേഖരിക്കുന്ന വിവരങ്ങൾ തുർക്കിയിൽ തന്നെ സൂക്ഷിക്കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ശക്തമായി നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കമ്പനികളിൽ നിന്നും കുറഞ്ഞത് 15 ലക്ഷം ഡോളർ പിഴയീടാക്കാമെന്നും ബാൻഡ്‌വിഡ്ത്ത് 90ശതമാനം വരെ കുറയ്ക്കാമെന്നും കരട് ബില്ലിൽ പറയുന്നു.