ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൾസൊനാരോയുടെ 16 സഖ്യകക്ഷികളുടെ അക്കൗണ്ടുകൾ നീക്കംചെയ്ത് ഫേസ്ബുക്കും ട്വിറ്ററും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന പരാതിയെത്തുടർന്ന്, അക്കൗണ്ടുകൾ നീക്കംചെയ്യാൻ കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തീവ്രവലതുപക്ഷനേതാവായ ബൊൾസൊനാരോയും കോടതിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് പുതിയനീക്കം. കൺസർവേറ്റീവ് പാർട്ടിയുടെ മുൻ നിയമസഭാംഗം റോബർട്ടോ ജെഫേഴ്സൺ, പ്രമുഖ വ്യവസായി ലൂസിയാനോ ഹാംഗ്, വലതുപക്ഷ ആക്ടിവിസ്റ്റ് സാറ വിന്റർ തുടങ്ങി നിരവധി പ്രമുഖരുടെ അക്കൗണ്ടുകളാണ് പൂട്ടിയത്.
കോടതിയെയും ജഡ്ജിമാരെയും അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ ബൊൾസൊനാരോയുടെ ആളുകൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്നതായുള്ള പരാതിയിൽ കോടതി അന്വേഷണം നടത്തുകയാണ്. വിദ്വേഷ പരാമർശങ്ങൾക്കും തെറ്റായ വിവരങ്ങളുടെ പ്രചാരണത്തിനുമെതിരെ ഫേസ്ബുക്കും ട്വിറ്ററും കർശനമായ നടപടികളാണ് ഇപ്പോൾ സ്വീകരിച്ചുവരുന്നത്.