ലണ്ടൻ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ബി.ബി.സിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ പ്രവർത്തനങ്ങൾ കുറച്ച് കൂടി കാര്യക്ഷമമാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറസ് വ്യാപനം ആദ്യഘട്ടത്തിൽ തിരിച്ചറിയാൻ ആരോഗ്യ മേഖലയ്‌ക്കോ സർക്കാരിനോ കഴിഞ്ഞില്ല. വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും ബോറിസ് പറഞ്ഞു. ലോക്ക്ഡൗൺ ആരംഭിക്കാൻ വൈകിയോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു- ‘ ലോക്ക്ഡൗൺ വളരെ വൈകിപ്പോയോ എന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ വരുന്നുണ്ട്. തുടക്കത്തിൽ കൊവിഡിനെ സംബന്ധിച്ച് ഞങ്ങൾ കാണാത്ത ഒരൊറ്റ കാര്യം അതിന്റെ വ്യാപനത്തിന്റെ തീവ്രതയാണ്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബ്രിട്ടനിൽ വൈറസ് വളരെയധികം വ്യാപിച്ചു കഴിഞ്ഞിരുന്നെന്നും ബോറിസ് കൂട്ടിച്ചേർത്തു. രാജ്യത്തെ കൊവിഡ് പ്രതിരോധത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതേപ്പറ്റി സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് ബോറിസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.