റിയോ ഡി ജനീറോ: പാമ്പു കടിയേറ്റ വെറ്ററിനറി വിദ്യാർത്ഥിയുടെ വീട്ടിൽ നടത്തിയ പരിശോധന അക്ഷരാർത്ഥത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. ഇക്കഴിഞ്ഞ ജൂലായ് ഏഴിനാണ് സംഭവങ്ങളുടെ തുടക്കം. അന്നേ ദിവസം കഥാനായകനായ പെഡ്രോ ക്രാംബെക് ലെംഖുലിന് (22) പാമ്പ് കടിയേറ്റു. ഏഷ്യൻ വംശത്തിൽപ്പെട്ട വെള്ളമൂർഖനാണ് വിദ്യാർത്ഥിയെ കടിച്ചതെന്ന് മനസിലാക്കിയ ഡോക്ടർമാർ വിഷ ചികിത്സ ആരംഭിച്ചു. കോമയിലായ വിദ്യാർത്ഥിക്ക് നൽകാൻ ആന്റിവെനം സാവോ പോളോയിൽ നിന്നും എത്തിച്ചു. എന്നാൽ,വെള്ളമൂർഖൻ എങ്ങനെ ബ്രസീലിൽ എത്തിയെന്ന ചോദ്യം അന്താരാഷ്ട്ര ബന്ധമുള്ള വന്യജീവി കടത്തിന്റെ തെളിവുകളിലേക്കാണ് വിരൽ ചൂണ്ടിയത്. തുടർന്ന്, ലെംഖുലിന്റെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലുമായി നടത്തിയ പരിശോധനയിൽ വെള്ളമൂർഖനെ കൂടാതെ 16 പാമ്പുകൾ, മൂന്ന് സ്രാവുകൾ, അപൂർവ ഇനം പല്ലി, ഈൽ, മറ്റ് ഏഴ് പാമ്പുകൾ എന്നിങ്ങനെ അപൂർവമായ അനവധി ജീവികളെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം പുറത്തിറങ്ങിയ യുവാവിന് 61,000 റിയാൽ ( 8,71,458.38 ഇന്ത്യൻ രൂപ) പിഴ ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബ്രസീൽ പരിസ്ഥിതി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥിയെ പ്രതിചേർത്ത് അന്വേഷണം തുടരുകയാണ്.
അതേസമയം, ലെംഖുലിനെ കടിച്ച വെള്ളമൂർഖൻ സമൂഹമാദ്ധ്യമങ്ങളിൽ സ്റ്റാറായി മാറി. ഏതോ ഒരു വിരുതൻ പാമ്പിന്റെ പേരിൽ ഒരു ട്വിറ്റർ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. നിലവിൽ ബ്രസീലിയയിലെ ഒരു മൃഗശാലയിലാണ് പാമ്പിനെ പാർപ്പിച്ചിരിക്കുന്നത്. വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റതിനു പിന്നാലെ സമീപത്തെ ഷോപ്പിംഗ് സെന്ററിനടുത്ത് നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. തെളിവ് നശിപ്പിക്കുന്നതിനായി ലെംഖുലിന്റെ സുഹൃത്ത് പാമ്പിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.