ashok-gehlot

ജയ്‌പൂർ: രാജസ്ഥാനിൽ നിലപാട് കടുപ്പിച്ച് അശോക് ഗലോട്ട് രംഗത്ത്. ഗവർണറുടെ നടപടിക്കെതിരെ എം.എൽ.എമാരുമായി ഡൽഹിയിലേയ്ക്ക് പോകാനാണ് ഗലോട്ടിന്റെ തീരുമാനം. രാഷ്ട്രപതി ഭവനിലെത്തി പ്രസിഡന്റ് രാംനാഥ് കോവിന്ദിനെ കാണുമെന്നും ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ സത്യാഗ്രഹം നടത്തുമെന്നും ഗലോട്ട് പറഞ്ഞു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു ഗലോട്ടിന്റെ പ്രതികരണം.

നിയമസഭ സമ്മേളനം വിളിക്കണമെന്ന മന്ത്രിസഭാ ശുപാർശയ്ക്ക് ഗവർണർ കൽരാജ് മിശ്ര ഇതു വരെ വഴങ്ങിയിട്ടില്ല. ജനാധിപത്യ സർക്കാരുകളെ ബി.ജെ.പി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായുള്ള കോൺഗ്രസ്‌ പ്രതിഷേധം തുടരുകയാണ്. സച്ചിൻ പൈലറ്റിനോട് വിട്ടുവീഴ്ച വേണ്ടെന്നാണ് ഹൈക്കമാൻഡിന്റെ ഇപ്പോഴത്തെ നിലപാട്.

ഗലോട്ടിന്റെ വസതിയിൽ ക്യാബിനറ്റ് യോഗം ചേർന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനം ഇതുവരെ കാണാത്ത രാഷ്ട്രീയ നാടകമാണ് അരങ്ങേറുന്നതെന്നും ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്നും അശോക് ഗലോട്ട് ആരോപിച്ചു. കേന്ദ്ര നിർദേശ പ്രകാരമാണ് ഗവർണർ ഭൂരിപക്ഷം തെളിയിക്കാനായി സഭാ സമ്മേളനം വിളിച്ചു ചേർക്കാത്തതെന്നാണ് ഗലോട്ട് ആരോപിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.