ഇന്ത്യയ്ക്കും ഭീഷണി
ബീജിംഗ്: ഇന്ത്യയ്ക്കും പാശ്ചാത്യ എതിരാളികൾക്കുമെതിരെ പ്രതിരോധനടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനും ചൈനയും മൂന്നുവർഷത്തെ രഹസ്യ കരാറിൽ ഒപ്പുവച്ചതായി റിപ്പോർട്ട്. ജൈവായുധം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണെന്ന റിപ്പോർട്ട്. അത്യന്തം അപകടകാരിയായ ആന്ത്രാക്സ് ജൈവായുധം ഉൾപ്പെടെയുള്ളവയിൽ ഗവേഷണ പദ്ധതികളും ഇതിനോടനുബന്ധിച്ച് നടത്തുമെന്ന് ഓസ്ട്രേലിയൻ വാർത്താ വെബ്സൈറ്റായ ക്ലാസോൺ ജേർണലിസ്റ്റ് അന്തോണി ക്ളാൻ റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാൻ പ്രതിരോധ, ശാസ്ത്ര, സാങ്കേതിക സംഘടനയുമായി ചൈൻയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. പുറമേ നിന്നുനോക്കുമ്പോൾ സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണമാണ് ഈ ‘സഹകരണം’ കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും നീക്കത്തിനു പിന്നിൽ കൃത്യമായ അജൻഡയുണ്ടെന്നാണ് വിലയിരുത്തൽ. കൊവിഡ് പോലുള്ള പകർച്ചവ്യാധി വൈറസുകളെ നിർമ്മിക്കുന്നതിനുള്ള ദുഷിച്ച അജണ്ട ഇതിന് പിന്നിലുണ്ടെന്നാണ് അന്തോണി ക്ളാൻ വിലയിരുത്തുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ വൈറസ് ബാങ്ക് എന്നാണ് ചൈന സ്വയം വിശേഷിപ്പിക്കുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഇതേ ലാബിൽ പാക് കരാറിന്റെ ഭാഗമായുള്ള ജൈവായുധ ഗവേഷണവും നടക്കുമെന്നാണ് ക്ലാസോണിന്റെ റിപ്പോർട്ട്.
ചെലവ് ചൈനയുടേത്
ഈ പദ്ധതിയുടെ മുഴുവൻ ചെലവും ചൈനയാണ് വഹിക്കുന്നത്. ചൈനയ്ക്ക് പുറത്ത് പാക്കിസ്ഥാനിൽ ഇത്തരം ജൈവയുദ്ധമുറകൾ പരീക്ഷിച്ചുനോക്കാനും ഈ ഇടപാടിലൂടെ ചൈനയ്ക്ക് അധികാരം ലഭിക്കുന്നു. എന്നാൽ ഇടപാടിന്റെ രഹസ്യാത്മകതയാണ് സംശയമുയർത്തുന്നത്. പാക്കിസ്ഥാനിൽ വിനാശകരമായ പത്തോജനുകളെക്കുറിച്ചു പഠിക്കുന്ന ഒരു രഹസ്യ കേന്ദ്രമുണ്ട്. നിരവധി ഗവേഷണങ്ങളാണ് അവിടെ നടക്കുന്നത്. ആന്ത്രാക്സ് പോലുള്ളവ ഇവിടെ പരീക്ഷണവിധേയമാക്കുന്നുണ്ടെന്നാണ് വിവരം.