ഹാനോയ് : ഭാവിയിൽ മഹാമാരികളുണ്ടായേക്കുന്നത് തടയാൻ വന്യജീവികളുടെയും വന്യജീവി ഉത്പന്നങ്ങളുടെയും വ്യാപാരത്തിന് നിരോധനമേർപ്പെടുത്തി വിയറ്റ്നാം. രാജ്യത്ത് വന്യജീവികളെ വില്പനയ്ക്കു വയ്ക്കുന്ന മാർക്കറ്റുകൾക്കും ഓൺലൈൻ കച്ചവടത്തിനും നിരോധനമുണ്ട്. ഈനാംപേച്ചിയുടെ തോട്, കാണ്ടാമൃഗത്തിന്റെ കൊമ്പ് തുടങ്ങിയവ പരമ്പരാഗത ഔഷധ നിർമാണത്തിനെന്ന പേരിൽ വിയറ്റ്നാമിൽ വൻ തോതിൽ വേട്ടയാടപ്പെട്ടിരുന്നു. ഇതിനെതിരെ വിയറ്റ്നാമിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. വന്യജീവികളെ ആഹാരത്തിനായും അല്ലാതെയും വെറ്റ് മാർക്കറ്റുകളിലൂടെയും മറ്റും വില്പന നടത്തുന്നത് ഭാവിയിൽ പുതിയ ഇനം വൈറസുകളുടെ ഉത്ഭവത്തിനിടെയാക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ ലോകത്തെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയും വവ്വാലുകളിൽ നിന്നും ഈനാംപേച്ചി, വെരുക് തുടങ്ങിയ ഏതെങ്കിലും വന്യജീവികളിലൂടെയാകാം മനുഷ്യനിലേക്ക് കടന്നുകൂടിയതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് വന്യജീവികളുടെ ഇറക്കുമതി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് വിയറ്റ്നാമീസ് സർക്കാർ പുറപ്പെടുവിച്ചത്. ജീവനോടെയോ അല്ലാതെയോ ഒരു തരത്തിലുമുള്ള ഇവയുടെ വ്യാപാരവും വില്പനയും കുറ്റകരമാണ്. നിയമവിരുദ്ധമായ വേട്ടയാടലിനും തടയിട്ടിട്ടുണ്ട്. വിയറ്റ്നാമിന്റെ തീരുമാനത്തെ പരിസ്ഥിതി പ്രവർത്തകരും മൃഗസംരക്ഷകരും സ്വാഗതം ചെയ്തിരിക്കുകയാണ്.