steve-bucknor-irfan-patha

ബറോഡ : 2008ലെ സിഡ്നി ടെസ്റ്റിൽ ആസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ തോൽക്കാൻ കാരണമായ തന്റെ രണ്ടു പിഴവുകൾ ഏറ്റുപറഞ്ഞ മുൻ അമ്പയർ സ്റ്റീവ് ബക്നറിനെ ശക്തമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഒന്നും രണ്ടുമല്ല അമ്പയർമാരുടെ ഏഴുപിഴവുകളാണ് അന്ന് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചതെന്ന് സ്റ്റാർ സ്പോർട്സിന്റെ ‘ക്രിക്കറ്റ് കണക്ടഡ് ഷോ’യിൽ ഇർഫാൻ പറഞ്ഞു.

സെഞ്ച്വറി നേടിയ ആസ്ട്രേലിയൻ താരം ആൻഡ്രൂ സൈമണ്ട്സ് പുറത്തായിട്ടും ക്യാച്ച് നൽകാതിരുന്നതും ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് ഒൗട്ടല്ലായിരുന്നിട്ടും ഒൗട്ടുവിളിച്ചതുമാണ് അന്ന് മത്സരഫലം മാറ്റിമറിച്ചതെന്ന് അടുത്തിടെയാണ് ബക്‌നർ വെളിപ്പെടുത്തിയത്. വിവാദത്തിന്റെ ചുവയുണ്ടായിരുന്ന സിഡ്നി ടെസ്റ്റ് വിജയത്തോടെ അന്ന് ബോർഡർ–ഗാവസ്കർ ട്രോഫിയും ആതിഥേയരായ ആസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. ആ മത്സരത്തിൽ 122 റൺസിനാണ് ഇന്ത്യ തോറ്റത്. ഒന്നാം ഇന്നിംഗ്സിൽ ഭേദപ്പെട്ട ലീഡ് നേടിയശേഷമാണ് തോൽവി വഴങ്ങിയത്. അന്ന് സ്റ്റീവ് ബക്‌നറും മാർക് ബെൻസനുമായിരുന്നു ഫീൽഡ് അംപയർമാർ.

എല്ലാം കഴിഞ്ഞ് ഇപ്പോൾ ഇത്തരം ഏറ്റുപറച്ചിലുകൾ കൊണ്ട് എന്ത് ഗുണമെന്ന് പഠാൻ ചോദിച്ചു. സിഡ്നി ടെസ്റ്റിൽ അംപയർമാരുടെ ഏഴു പിഴവുകളാണ് മത്സരഫലം മാറ്റിമറിച്ചതെന്നും പഠാൻ വിമർശിച്ചു. ആൻഡ്രൂ സൈമണ്ട് ബാറ്റു ചെയ്യുമ്പോൾ മാത്രം പലതവണ അമ്പയർമാർക്ക് പിഴച്ചു. ഇന്നിംഗ്സിന്റെ തുടക്കത്തിൽത്തന്നെ സൈമണ്ട്സിനെ താൻ പുറത്താക്കിയത് അമ്പയർമാർ അംഗീകരിച്ചില്ല. മൂന്നു തവണ സൈമണ്ട്സിനെ ഒൗട്ടാക്കിയെങ്കിലും ഒരിക്കൽപ്പോലും അംപയർമാർ ഔട്ട് അനുവദിച്ചില്ലെന്ന് പഠാൻ ചൂണ്ടിക്കാട്ടി. ഒറ്റ മത്സരത്തിൽ അമ്പയർമാർക്ക് ഇത്രയേറെ പിഴവുകൾ സംഭവിക്കുന്നത് അംഗീകരിക്കാവുന്ന കാര്യമല്ലെന്നും പഠാൻ വ്യക്തമാക്കി.

ഹർഭജൻ സിംഗ് ഓസീസ് താരം ആൻഡ്രൂ സൈമണ്ട്സിനെ ‘കുരങ്ങൻ’ എന്ന് വിളിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ വിവാദത്തിൽ മുങ്ങിയ ടെസ്റ്റ് മത്സരമാണിത്.

‘ ഞങ്ങൾ അത്രയേറെ രോഷാകുലരാകാൻ കാരണം അമ്പയറിംഗ് പിഴവുകളും കാരണമായിരുന്നു. അമ്പയർമാർ ഇതെല്ലാം മനഃപൂർവം ചെയ്യുന്നതാണെന്ന ഉറച്ച ചിന്തയായിരുന്നു ആരാധകരുടെ മനസ്സിൽ. ക്രിക്കറ്റ് കളിക്കാരെന്ന നിലയിൽ ഞങ്ങൾക്ക് അങ്ങനെ കരുതാനാകില്ലല്ലോ’ – പഠാൻ പറഞ്ഞു.