ലഖ്നൗ: യു.പിയിലെ ഗോണ്ടയിൽനിന്ന് തട്ടിക്കൊണ്ടുപോയ എട്ട് വയസുകാരനെ മോചിപ്പിച്ചു. പൊലീസും പ്രത്യേക ദൗത്യസംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അക്രമികളെ കീഴ്പ്പെടുത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഗോണ്ടയിലെ പ്രമുഖ ഗുട്ട്ക വ്യവസായിയുടെ കൊച്ചുമകനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ആരോഗ്യപ്രവർത്തകരെന്ന വ്യാജേനയെത്തിയായിരുന്നു തട്ടിക്കൊണ്ടുപോകൽ. കാറിൽ പ്രദേശത്തെത്തിയ സംഘം ആദ്യം സാനിറ്റൈസറും മാസ്ക്കുകളും വിതരണം ചെയ്തിരുന്നു. ഇതിനിടെ വഴിയിൽ നിന്നിരുന്ന കുട്ടിയെ കൂടുതൽ സാനിറ്റൈസറും മാസ്കും നൽകാമെന്ന് പറഞ്ഞ് കാറിനടുത്തേക്ക് വിളിച്ച് കാറിലേക്ക് തള്ളിയിട്ട് വാഹനം ഓടിച്ചുപോവുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കുട്ടിയുടെ ബന്ധുക്കൾക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺവിളിയെത്തി. നാല് കോടി രൂപ നൽകിയാൽ കുട്ടിയെ വിട്ടുനൽകാമെന്നാണ് ഫോണിൽ വിളിച്ച സ്ത്രീ പറഞ്ഞത്. ഇതിനിടെ പ്രത്യേക സംഘങ്ങളെ നിയോഗിച്ച് പൊലീസും അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെയാണ് തട്ടിക്കൊണ്ടുപോയ കുട്ടി ഗോണ്ടയിൽ തന്നെയുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിനൊടുവിൽ കുട്ടിയെ മോചിപ്പിക്കുകയും പ്രതികളായ അഞ്ച് പേരെ പിടികൂടുകയും ചെയ്തു. സൂരജ് പാണ്ഡെ, ഛാവി പാണ്ഡെ, രാജ് പാണ്ഡെ, ഉമേഷ് യാദവ്, ദീപു കശ്യപ് എന്നിവരാണ് പിടിയിലായത്. മൂന്ന് തോക്കുകളും കാറും ഇവരിൽനിന്ന് പിടിച്ചെടുത്തു. കുട്ടിയെ മോചിപ്പിച്ച പൊലീസ് സംഘത്തിന് രണ്ട് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് യു.പി സർക്കാർ അറിയിച്ചു.