പടിഞ്ഞാറൻ ഐസ്‌ലൻഡിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണ് ബ്രൂവർഫോസ്. മനോഹരമായ വെള്ളച്ചാട്ടങ്ങൾ ഐസ്‌ലൻഡിന്റെ പ്രത്യേകത തന്നെയാണ്. എങ്കിലും തിളങ്ങുന്ന നീല വർണത്തിൽ തെളിഞ്ഞൊഴുകുന്ന ബ്രൂവർഫോസിന്റെ മാസ്മരികത, കണ്ട് നിൽക്കുന്ന ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. നോർഡിക് രാജ്യമായ ഐസ്‌ലൻഡിന്റെ പടിഞ്ഞാറൻ വിദൂര പ്രദേശത്ത് കൂടി ഒഴുകുന്ന ബ്രൂവർഫോസ് വെള്ളച്ചാട്ടം വലിപ്പത്തിൽ ചെറുതാണ്. ലോകത്ത് അധികമാരും അറിയപ്പെടാത്ത ഈ വെള്ളച്ചാട്ടത്തിലെത്തണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടേണ്ടതുണ്ട്. 2 - 3 കിലോമീറ്റർ കാല്നടയായി വേണം ഇവിടെയെത്താൻ. ബ്രൂവർഫോസിനെ കണ്ടെത്താൻ അത്ര എളുപ്പമല്ല. !
ഐസ്‌ലൻഡിന്റെ തലസ്ഥാനമായ റെയ്ക്യവിക് നഗരത്തിന്റെ കിഴക്ക് ഏകദേശം ഒന്നര മണിക്കൂർ സമയം കൊണ്ട് ഇവിടേക്ക് എത്തിച്ചേരാം. ലോഗർവാൻ ഗ്രാമത്തിൽ നിന്നും ഗെയ്സിർ ഉഷ്ണജലപ്രവാഹത്തിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ബ്രൂവർഫോസ് വെള്ളച്ചാട്ടം. ബ്രൂവാര നദിയിലാണ് ബ്രൂവർഫോസ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പോലുള്ള നീല നിറത്തിലെ ഈ വെള്ളച്ചാട്ടം ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ്.
ബ്രൂവർഫോസ് എന്ന പദത്തിന്റെ അർത്ഥം ' പാലം ' എന്നാണ്. ബ്രൂവർഫോസിന് സമീപം നദിയെ മുറിച്ചു കടക്കുന്ന ഒരു ഭീമൻ കല്ലുണ്ടായിരുന്നു. കണ്ടാൽ ഒരു പാലം പോലെ തോന്നിക്കും. അങ്ങനെയാണ് ഇവിടുത്തെ വെള്ളച്ചാട്ടത്തിന് ബ്രൂവർഫോസ് എന്ന പേര് വന്നത്. കല്ല് പാലം തകർന്നതോടെ വെള്ളച്ചാട്ടത്തിന് സമീപം പുതിയൊരു പാലം നിർമിച്ചിട്ടുണ്ട്.
ലാംഗ്ജോക്കൂൾ ഹിമാനിയിൽ നിന്നാണ് ബ്രൂവർഫോസ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ബ്രൂവാര നദിയുടെ ശരിക്കുമുള്ള ഉത്ഭവസ്ഥാനം. നല്ല തണുത്ത വെള്ളമാണ് ബ്രൂവർഫോസിലേത്. മഞ്ഞ് കാലത്ത് വെള്ളച്ചാട്ടം ഹിമപാളികളാൽ നിറയും. ' ഹിഡൻ ജെം ' എന്നാണ് നോർഡിക് പ്രകൃതിഭംഗിയുടെ പ്രതിഫലനമായ ബ്രൂവർഫോസ് വെള്ളച്ചാട്ടത്തെ ഐസ്‌ലൻഡുകാർ വിശേഷിപ്പിക്കുന്നത്.