virat-sachin

മുംബയ് : തന്റെ കരിയറിൽ ഇന്നും കളങ്കമായി നിൽക്കുന്ന 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് രക്ഷനേടാൻ തന്നെ സഹായിച്ചത് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ ഉപദേശങ്ങളാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ‌്ലി. സഹതാരം മായാങ്ക് അഗർവാളുമായുള്ള ലൈവ് ചാറ്റിലാണ്ആ പരമ്പരയിൽ തനിക്കു സംഭവിച്ച സാങ്കേതികപ്പിഴവും അതിൽനിന്ന് സച്ചിന്റെ സഹായത്തോടെ തിരിച്ചുവന്നതും കൊഹ്‌ലി വിശദീകരിച്ചത്.

വിരാടിന്റെ വാക്കുകൾ

ആ ഇംഗ്ലണ്ട് പര്യടനത്തിൽ പന്തിനെ നേരിടാനുള്ള എന്റെ സ്റ്റാൻസ് ശരിയായിരുന്നില്ല. ഇടുപ്പിന്റെ സ്ഥാനത്തിനായിരുന്നു പ്രശ്നം. സാഹചര്യം മനസ്സിലാക്കാതെ എനിക്ക് ഇഷ്ടപ്പെട്ട രീതിയിലാണ് നിന്നത്. ഏത് ബൗളിംഗിന് എതിരെയും എന്റെ സ്ഥിരം രീതിയിൽ നിന്നാൽ റൺസെടുക്കാമെന്ന തോന്നൽ ആ പരമ്പരയോടെ മാറിക്കിട്ടി.

ബാറ്റിംഗിനായി നിൽക്കുമ്പോൾ വലത്തേ ഇടുപ്പ് കൃത്യസ്ഥാനത്തല്ലെങ്കിൽ അത് വലിയ പ്രശ്നമുണ്ടാക്കും. തുല്യ നിയന്ത്രണത്തോടെ ഓഫ് സൈഡിലും ലെഗ് സൈഡിലും ഷോട്ടുകൾ കളിക്കാനാവില്ല. ആ പരമ്പരയിൽ സംഭവിച്ച പിഴവ് ഇടുപ്പിന്റെ സ്ഥാനത്തിനായിരുന്നു.

അന്ന് നേരെ വന്ന ഓരോ പന്തും എന്നെ ആശങ്കപ്പെടുത്തിയിരുന്നു. അതുകൊണ്ട് പന്തിലേക്ക് വളരെ നേരത്തേ തന്നെ ഞാൻ ബാറ്റുകൊണ്ടുവരും. പന്ത് പിടിതരാതെ പോകുകയും ചെയ്യും. അതോടെ എനിക്കാകെ ആശയക്കുഴപ്പമായി. ഇംഗ്ലണ്ടിൽനിന്ന് തിരിച്ചെത്തിയപ്പോൾ കുത്തിയിരുന്ന് ബാറ്റിംഗിന്റെ വിഡിയോ ദൃശ്യങ്ങൾ ആവർത്തിച്ചുകണ്ടു. എന്റെ ഷോട്ടുകളിൽ ഒട്ടും ആത്മവിശ്വാസമില്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. കൈകളിൽ മാത്രം ശ്രദ്ധിച്ചാണ് ഞാൻ കളിച്ചത്. എന്റെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ ബൗളർമാർ അത് മുതലെടുത്തു

ഇംഗ്ലണ്ടിൽനിന്ന് തിരിച്ചെത്തിയശേഷം ഞാൻ ആദ്യം ചെയ്ത കാര്യം മുംബൈയിൽ പോയി സച്ചിൻ ടെൻഡുൽക്കറുമായി സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ഏറെ സമയം ചെലവഴിച്ചു. ഇടുപ്പിന്റെ സ്ഥാനം ക്രമപ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞു. പേസ് ബൗളർമാരെ മുന്നോട്ടാഞ്ഞ് നേരിടേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടി അദ്ദേഹം പറഞ്ഞുതന്നു

ഇടുപ്പിന്റെ സ്ഥാനം ക്രമപ്പെടുത്തുന്നതിനൊപ്പം സച്ചിൻ പറഞ്ഞുതന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചതോടെ പ്രകടമായ മാറ്റം സംഭവിച്ചു. ആ ശൈലി പിന്തുടരാൻ തുടങ്ങിയതോടെ ആത്മവിശ്വാസം വർധിച്ചു. അതിനുശേഷമായിരുന്നു എനിക്ക് വളരെയധികം റൺസ് സ്കോർ ചെയ്യാൻ സാധിച്ചആസ്ട്രേലിയൻ പര്യടനം. പിന്നീട് രവി ശാസ്ത്രിയുടെ സഹായം കൂടിയായതോടെ പിഴവുകൾ പൂർണമായി തിരുത്താനായി

ഇംഗ്ളണ്ടിൽ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെട്ട പരമ്പരയിൽ 10 ഇന്നിംഗ്സുകളിൽനിന്ന് 13.40 ശരാശരിയിൽ കൊഹ‌്ലിക്ക് നേടാനായത് വെറും 134 റൺസ് മാത്രമായിരുന്നു. കരിയറിലെ ഏറ്റവും മോശം പ്രകടനം. 1, 8, 25, 0, 38, 28, 0, 7, 6, 20 എന്നിങ്ങനെയായിരുന്നു സ്കോറിംഗ്. പരമ്പര ഇന്ത്യ 3–1ന് കൈവിടുകയും ചെയ്തു. തൊട്ടടുത്ത ആസ്ട്രേലിയൻ പര്യടനത്തിൽ 692 റൺസ് അടിച്ചുകൂട്ടാൻ കൊഹ‌്ലിക്ക് കഴിഞ്ഞിരുന്നു.