പാരീസ് : യുവ സൂപ്പർ താരം കിലിയാൻ എംബാപ്പെയ്ക്ക് ഫൗളിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് കണ്ണീരോടെ പുറത്തുപോകേണ്ടിവന്ന ഫൈനലിൽ സെയ്ന്റ് എറ്റിയേനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി പാരീസ് സെന്റ് ജെർമെയ്ൻ ഫ്രഞ്ച് കപ്പ് ഫുട്ബാൾ കിരീടം സ്വന്തമാക്കി. ബ്രസീലിയൻ സൂപ്പർ താരം നെയ്മറാണ് പാരീസിന്റെ വിജയഗോൾ നേടിയത്.
കൊവിഡ് ലോക്ക്ഡൗണിന് ശേഷം ഫ്രാൻസിൽ ആദ്യമായി നടന്ന പ്രമുഖ ഫുട്ബാൾ മത്സരമായിരുന്നു ഫ്രഞ്ച് കപ്പ് ഫൈനൽ. മത്സരത്തിന്റെ ആദ്യ പകുതിയിൽ എറ്റിയേൻ നായകൻ ലോയ്ച്ച് പെരിന്റെ കടുത്ത ഫൗളിലാണ് കിലിയാന് പരിക്കേറ്റത്. ഇതേത്തുടർന്ന് റഫറി പെരിന് ചുവപ്പുകാർഡ് നൽകിയെങ്കിലും കുറച്ചുനേരത്തേക്ക് ഇരുടീമുകളും തമ്മിലുണ്ടായ സംഘർഷം കൈയാങ്കളിയുടെ വക്കിലേക്ക് എത്തിയിരുന്നു.അഞ്ച് കളിക്കാർക്ക് റഫറി മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. കളി തുടരാനാകാതെ മടങ്ങിയ കൈലിയൻ കിരീടം ഏറ്റുവാങ്ങാൻ ക്രച്ചസിന്റെ സഹായത്തോടെയാണ് എത്തിയത്.
കാൽക്കുഴയ്ക്ക് സാരമായി പരിക്കേറ്റ കിലിയാന് രണ്ടുമാസമെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് വിവരം. ഇതോടെ അടുത്ത മാസം നടക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ കളിക്കാനാവില്ല. ഇറ്റാലിയൻ ക്ലബ് അറ്റലാന്റയാണ് ക്വാർട്ടറിൽ പാരീസിന്റെ എതിരാളികൾ.
ഇൗ സീസണിലെ ഫ്രഞ്ച് ഫസ്റ്റ് ഡിവിഷൻ ലീഗ് കൊവിഡിനെത്തുടർന്ന് നേരത്തേ അവസാനിപ്പിച്ചപ്പോൾ കിരീടം പാരീസിന് നൽകിയിരുന്നു. കൊവിഡിൽ മരണപ്പെട്ടവർക്ക് വേണ്ടി ഒരു മിനിട്ട് മൗനപ്രാർത്ഥന നടത്തിയ ശേഷമാണ് ഫൈനൽ തുടങ്ങിയത്.
13
പാരീസ് എസ്.ജി ഇതുവരെ നേടിയിട്ടുള്ള ഫ്രഞ്ച് കപ്പുകളുടെ എണ്ണം. ഇത് റെക്കാഡാണ്. ഇൗ സീസണിൽ രണ്ട് കിരീടങ്ങൾ കൂടി നേടാൻ ക്ളബിന് സാദ്ധ്യതയുണ്ട്.അടുത്ത വെള്ളിയാഴ്ച ലീഗ്കപ്പിന്റെ ഫൈനലിൽ ലിയോണിനെ നേരിടുന്ന പാരീസ് അടുത്ത മാസം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അറ്റ്ലാന്റയെ നേരിടാനിറങ്ങും.
മാർച്ച് 11
ന് ശേഷം ആദ്യമായി ഫ്രാൻസിൽ നടക്കുന്ന പ്രമുഖ ഫുട്ബാൾ മത്സരമായിരുന്നു ഇൗ ഫൈനൽ. പരമിതമായ തോതിൽ കാണികളെ അനുവദിക്കുകയും ചെയ്തു. 80000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ അടക്കം 2805 കാണികളാണ് ഉണ്ടായിരുന്നത്.
1982
ന് ശേഷം ആദ്യമായാണ് സെന്റ് എറ്റിയേൻ ഫ്രഞ്ച് കപ്പ് ഫൈനലിലെത്തിയിരുന്നത്.
കിരീടം നേടാനായെങ്കിലും കിലിയാന്റെ പരിക്ക് ആശങ്കയുണർത്തുന്നതാണ്. ചാമ്പ്യൻസ് ലീഗിൽ അദ്ദേഹത്തിന് കളിക്കാനാകാത്തത് വലിയ തിരിച്ചടിയാകും.
- തോമസ് ടച്ചേൽ
പി.എസ്.ജി കോച്ച്