പുനൈ: 85 വയസിൽ പരസഹായം കൂടാതെ എഴുന്നേറ്റ് നടക്കാൻ പോലും കഴിയാതെ ഊന്നുവടിയെ ആശ്രയിക്കുന്നവരാണ് പലരും. പുനൈയിലെ ഹഡാപ്സറിൽ താമസിക്കുന്ന ശാന്ത ബാലു പവാറിന്റെ (85) കയ്യിലും രണ്ട് വടിയുണ്ട്. ഊന്നി നടക്കാനല്ല. കളരിപ്പയറ്റ് പോലുള്ള വടിവീശൽ അഭ്യാസ പ്രകടനത്തിനാണ്.
നടുറോഡിൽ അടിതട പയറ്റുന്ന ശാന്തയുടെ 23 സെക്കൻഡുള്ള വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. യോദ്ധാവ് മുത്തശ്ശി എന്നപേരിൽ പലരുമിത് പോസ്റ്റ് ചെയ്തു. ധീരയായ മുത്തശ്ശി എന്തിനാണ് റോഡിൽ അഭ്യാസപ്രകടനം നടത്തിയതെന്ന് അന്വേഷിച്ചവർ ഞെട്ടി.
ലോക്ക്ഡൗണിൽ പട്ടിണി കിടക്കാതിരിക്കാനെന്നായിരുന്നു മറുപടി.
'സഹായം തേടി വെറുതേ ഭിക്ഷ യാചിക്കാൻ മനസുവന്നില്ല. അതിനാൽ കയ്യിലുള്ള അഭ്യാസ പ്രകടനകൾ കാട്ടി. കാഴ്ചക്കാർ പണം തന്നു.'- മുത്തശ്ശി പറഞ്ഞു.
ഉയർത്തിക്കെട്ടിയ കയറിലൂടെ നീണ്ട വടിയോ, കുപ്പിയോ പിടിച്ച് നടന്ന് അഭ്യാസ പ്രകടനം നടത്തുന്നവരാണ് ശാന്തയുടെ കുടുംബം. എട്ടുവയസുള്ളപ്പോൾ അച്ഛനിൽ നിന്നാണ് ഞാണിൽമേൽ പ്രകടനവും വടിവീശലുമൊക്കെ ശാന്ത സ്വായത്തമാക്കിയത്. ഇപ്പോൾ ചെറുമക്കളാണ് ഇത്തരം അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്. എന്നാൽ കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ തൊഴിൽ നിലച്ചു. പട്ടിണിയായി. കൊച്ചുമക്കൾ പട്ടിണികിടക്കുന്നത് സഹിക്കവയ്യാതെയാണ് ശാന്ത വടികൾ പൊടി തട്ടിയെടുത്ത് തെരുവിലേക്കിറങ്ങിയത്.
പ്രായമേറിയതിനാൽ പലരും വിലക്കിയെങ്കിലും മുത്തശ്ശി വകവച്ചില്ല. ഇപ്പോൾ ദിനവും 200-300 രൂപയോളം കളക്ഷൻ കിട്ടുന്നുണ്ടെന്ന് ശാന്ത പറഞ്ഞു.
ചില്ലറക്കാരിയല്ല ഈ മുത്തശ്ശി
നിരവധി ബോളിവുഡ് ചിത്രങ്ങളുടെ പിന്നണിയിൽ വേഷമിട്ടിട്ടുണ്ട് ശാന്തമുത്തശ്ശി.
ഷേർണിയുടെ സെറ്റിൽ നടി ശ്രീദേവിക്കൊപ്പം നിൽക്കുന്ന ചിത്രം ശാന്ത ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നുണ്ട്. ഞാണിൻമേൽ കളിയും വടിവീശലുമൊക്കെ കൊച്ചുമക്കളെ അഭ്യസിപ്പിക്കുന്നതും മുത്തശ്ശിയാണ്. അവർക്കു വേണ്ടി പാട്ടുവരെ കംപോസ് ചെയ്തിട്ടുണ്ട്. എങ്കിലും കൊച്ചുമക്കളുടെ പഠനത്തിനാണ് മുൻതൂക്കമെന്നും മുത്തശ്ശി പറയുന്നു.
ലക്ഷം ഷെയർ
പലരും 'യോദ്ധാവ് മുത്തശ്ശി' എന്ന് വിശേഷിപ്പിച്ച മുത്തശ്ശിയുടെ വീഡിയോ ഷെയർ ചെയ്തവരിൽ പുനൈ കമ്മിഷണർ ഓഫ് പൊലീസ് ഡോക്ടർ വെങ്കടേശം, ബോളിവുഡ് നടന്മാരായ റിതേഷ് ദേശ്മുഖ്, സോനു സൂദ്, രൺദീപ് ഹൂഡ തുടങ്ങിയവരുണ്ട്.