anilaloshiya

ആറ്റിങ്ങൽ: വ്യാജ രേഖയിലൂടെ വാഹന ലോൺ മറച്ചുവച്ച് തട്ടിപ്പുനടത്തിയതിന് ആറ്റിങ്ങൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി നടത്തിയ മറ്റ് വൻ തട്ടിപ്പുകൾ പുറത്തായി. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ.സുരേഷ്, ആറ്റിങ്ങൽ ഇൻസ്പെക്ടർ വി.വി.ദിപിൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് മുഖ്യ പ്രതിയായ അനിൽ അലോഷ്യസിനെ അറസ്റ്റുചെയ്തത്. റ്റാറ്റ ഫിനാൻസിൽ നിന്ന് ആഡംബര കാറുകൾ തട്ടിപ്പിലൂടെ സ്വന്തമാക്കി മറിച്ച് വിൽപ്പന നടത്തിയതിന് 2012 ൽ ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്.
ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന കണിയാപുരത്തെ വീട്ടിൽ നിന്ന് നിരവധി വ്യാജസീലുകൾ അന്വേഷണസംഘം കണ്ടെത്തി.
ബാങ്കുകളിൽ വ്യാജ മേൽവിലാസവും തിരിച്ചറിയൽ രേഖകളും കൊടുത്ത് ലോൺ തട്ടിപ്പ് നടത്തിയതിന് ഇയാളുടെ പേരിൽ പോത്തൻകോട്, കഴക്കൂട്ടം, കൊല്ലം ജില്ലയിലെ അഞ്ചൽ എന്നിവിടങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകളിലെയും പിടികിട്ടാപ്പുള്ളിയായിരുന്നു ഇയാൾ. കഴക്കൂട്ടം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വ്യാജരേഖകൾ നൽകി ,ലോൺ ഇല്ലാത്ത രീതിയിൽ ആർ.സി ബുക്ക് സംഘടിപ്പിച്ച് രണ്ട് ഹുണ്ടായി കാറുകൾ സ്വന്തമാക്കി മറിച്ച് വിൽപ്പന നടത്തിയതിന് കഴക്കൂട്ടം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അണ്ടൂർകോണം കനറാ ബാങ്കിൽ നിന്നു വ്യാജ തിരിച്ചറിയൽ രേഖകൾ നൽകി വാഹന ലോൺ തട്ടിപ്പ് നടത്തിയതിനും കേസുണ്ട്. ഒളിവിൽ ചടയമംഗലത്ത് താമസിച്ച് വരവെ മഹീന്ദ്ര , ടാറ്റ ഡീലറായ കൊല്ലം ഏഷ്യൻ മോട്ടോഴ്സിൽ ഇയാൾ ജോലി തരപ്പെടുത്തിയിരുന്നു. അവിടെ നിന്ന് ഇയാളും കൂട്ടുപ്രതി മനുവും ചേർന്ന് ഇൻവോയ്സ് മോഷ്ടിച്ച് വ്യാജ രേഖകൾ സമർപ്പിച്ച്‌ അഞ്ചൽ കനറാ ബാങ്കിൽ നിന്നു ലോൺ തട്ടിയെടുത്തിരുന്നു . അതിവിദഗ്ദ്ധമായാണ് ബാങ്കുകളിൽ ഇയാൾ വ്യാജരേഖകൾ സമർപ്പിച്ച് ലോണുകൾ തട്ടിയെടുത്തിരുന്നത്. ഇയാൾ നടത്തിയ മറ്റ് തട്ടിപ്പുകൾ കൂടി പുറത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അനിൽകുമാർ, സണ്ണി അനിൽ, വിമൽകുമാർ എന്നീ പേരുകളും ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു.