തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയ ദിനം. 1049 പേർക്കാണ് ഇന്ന് കേരളത്തിൽ രോഗം ഭേദമായിരിക്കുന്നത്. ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കണക്കിൽ ഇത്രയും പേർ രോഗമുക്തി നേടിയതായി സ്ഥിരീകരിക്കുന്നത്. അതേസമയം, ഇന്ന് 1103 പേർക്ക് കൊവിഡ് രോഗം വന്നതായും സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കിൽ പറയുന്നു. രോഗമുക്തി നേടിയവരുടെ ഇന്നത്തെ എണ്ണം നേരിയ ആശ്വാസം നൽകുന്നുണ്ട്.
എന്നിരുന്നാലും കേരളത്തിൽ സമൂഹവ്യാപനം സ്ഥിരീകരിച്ചതും സമ്പർക്ക രോഗികളുടെ എണ്ണം രൂക്ഷമായി തുടരുന്നതുമായ സാഹചര്യം, ജാഗ്രതയിൽ യാതൊരു തരത്തിലും കുറവ് വരാൻ പാടില്ല എന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. നിലവിൽ സംസ്ഥാനത്ത് 9420 കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
തിരുവനന്തപുരം ജില്ലയില്‍ 229 പേരുടെയും, മലപ്പുറം ജില്ലയില്‍ 185 പേരുടെയും,പത്തനംതിട്ട ജില്ലയില്‍ 150 പേരുടെയും, എറണാകുളം ജില്ലയില്‍ 77 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 70 പേരുടെയും, കോഴിക്കോട് ജില്ലയില്‍ 62 പേരുടെയും, കൊല്ലം ജില്ലയില്‍ 50 പേരുടെയും, കോട്ടയം ജില്ലയില്‍ 49 പേരുടെയും, വയനാട് ജില്ലയില്‍ 45 പേരുടെയും, തൃശൂര്‍ ജില്ലയില്‍ 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ 36 പേരുടെയും, പാലക്കാട് ജില്ലയില്‍ 24 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ 23 പേരുടെയും, ഇടുക്കി ജില്ലയില്‍ 12 പേരുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.
ആകെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ നിലവിലെ എണ്ണം 8613 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 119 പേർ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 838 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് നാലുപേർ രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുളള കൊവിഡ് രോഗികളുടെ കണക്ക് ഇനി പറയുന്നു. തിരുവനന്തപുരം 240,കോഴിക്കോട് 110 ,കാസർഗോഡ് 105 , ആലപ്പുഴ 102, കൊല്ലം 80 , എറണാകുളം 79 (ഒരാൾ മരണപ്പെട്ടു), കോട്ടയം 77, മലപ്പുറം 68, കണ്ണൂർ 62, പത്തനംതിട്ട 52, ഇടുക്കി 40, തൃശൂർ 36, പാലക്കാട് 35, വയനാട് 17. സംസ്ഥാനത്ത് ഇതുവരെ 60 പേർ രോഗം മൂലം മരണമടഞ്ഞിട്ടുണ്ട്.