ut

ന്യൂഡൽഹി: ഉത്തര കൊറിയയ്ക്ക് 10 ലക്ഷം ഡോളറിന്റെ(7.7കോടി)​ വൈദ്യ സഹായം നൽകി ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ അഭ്യർത്ഥന മാനിച്ചാണ് സഹായം നൽകിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മരുന്നുകൾ അടക്കമുള്ളവയുടെ ക്ഷാമം കണക്കിലെടുത്താണ് ഇന്ത്യ സഹായം എത്തിച്ചത്. ക്ഷയ രോഗ പ്രതിരോധ മരുന്നുകളുടെ രൂപത്തിൽ പത്ത് ലക്ഷം യു.എസ് ഡോളറിന്റെ സഹായം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഉത്തര കൊറിയയിൽ ലോകാരോഗ്യ സംഘടന നടപ്പിലാക്കുന്ന ക്ഷയ രോഗം തടയുന്നതിനുള്ള വിപുലമായ പരിപാടിയുടെ ഭാഗമായിട്ടാണ് ഇന്ത്യ സഹായം എത്തിച്ചത്. വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. ലോകാരോഗ്യ സംഘടന പ്രതിനിധിയുടെ സാന്നിധ്യത്തിൽ ഉത്തരകൊറിയയിലെ ഇന്ത്യൻ അംബാസഡർ അതുൽ മൽഹാരി ഗോത്സുർവെയാണ് വൈദ്യ സഹായം കൈമാറിയത്. നേരത്തെ 2011ലും 2016ലും 10 ലക്ഷം ഡോളറിന്റെ വീതം ഭക്ഷണപദാർത്ഥങ്ങൾ ലോക ഭക്ഷ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യ ഉത്തരകൊറിയയ്ക്ക് നൽകിയിരുന്നു.