pic

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രം ലോകത്തിന് അഭിമാനമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഗസ്റ്റ് അഞ്ചിന് നടക്കാൻ പോകുന്ന രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിലാസ്ഥാപന ചടങ്ങോടെ അയോദ്ധ്യ ഇന്ത്യയ്ക്കും ലോകത്തിനും അഭിമാനമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. തുടർന്ന് ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യോഗി ആദിത്യനാഥ് ക്ഷ്രേത്ര ട്രസ്റ്റ് ഭാരവാഹികളുമായി ചർച്ച നടത്തി.

"പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയ്ക്കും ലോകത്തിനും അയോദ്ധ്യ അഭിമാനമാകും. ശുചിത്വത്തിനാണ് ഏറ്റവും പ്രധാന്യം നൽകുക. അയോദ്ധ്യയുടെ അച്ചടക്കം ലോകത്തെ ബോധ്യപ്പെടുത്താൻ ലഭിച്ച അവസരമാണിത്." യോഗി ആദിത്യനാഥ് പറഞ്ഞു.

ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര നേതാക്കൾ ,സംസ്ഥാന മന്ത്രിമാർ , ക്ഷേത്രത്തിലെ പ്രധാനികൾ, ആർ.എസ്.എസ് മേധാവി തുടങ്ങിയ 200 ഓളം പേർ പങ്കെടുക്കും. ശിലാസ്ഥാപന ചടങ്ങ് ഉച്ചയ്ക്ക് 12:15 നോട് കൂടിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങിന് ശേഷം മാത്രമെ ക്ഷേത്ര നിർമാണം ഔദ്യോഗികമായി ആരംഭിക്കു. ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് രാജ്യമെങ്ങും ദീപാവലിക്ക് സമാനമായി ആഘോഷിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അതേസമയം കൊവിഡ് വെെറസ് വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ ചടങ്ങിൽ സാമൂഹിക അകലം ഉറപ്പുവരുത്തുമെന്ന് സംഘാടകർ അറിയിച്ചു. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി സ്ഥലം വിട്ടു നൽകണമെന്ന് സുപ്രീം കോടതി കഴിഞ്ഞ നവംബർ 9നാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.