nepal

ചമ്പാരൺ: ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ വീണ്ടും സംഘർഷം. ഇന്ത്യക്കാരായ ഗ്രാമീണ ദമ്പതികളെ നേപ്പാൾ സായുദ്ധ പൊലീസ് സേന മർദ്ദിച്ചതായും പ്രതികരിച്ച ഗ്രാമീണർക്ക് നേരെ വെടിവച്ചെന്നുമാണ് റിപ്പോർട്ട്. ഇരുവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.
അതിർത്തി കടക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നേപ്പാൾ സേന, ബിഹാറിലെ ഇന്തോ- നേപ്പാൾ അതിർത്തി ഗ്രാമമായ ഖർസാൽവയിലെ സീമാ ദേവിയേയും ഭർത്താവ് രവീന്ദ്ര പ്രസാദിനെയും ആക്രമിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. കന്നുകാലികൾക്ക് നൽകാനായി വൈക്കോൽ ശേഖരിക്കുവാൻ സീമാദേവി നേപ്പാളിന്റെ ഭാഗമായുള്ള നാർകതിയ എന്ന പ്രദേശത്തേക്ക് പോയി. ഇവർക്കൊപ്പം ഗ്രാമവാസികളായ മഞ്ജു ദേവിയും കുന്തൻ കുമാറുമുണ്ടായിരുന്നു. ഇവരെ തടഞ്ഞ നേപ്പാൾ സേന സീമയോട് മോശമായി പെരുമാറിയെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നും ദൃക്സാക്ഷികൾ പറയുന്നു.
വിവരമറിഞ്ഞെത്തിയ ഭർത്താവ് രവീന്ദ്ര പ്രസാദിനെയും നേപ്പാൾ സേന മർദ്ദിച്ചു. ഇയാളെ പൊലീസ് പിടിച്ചുവച്ചു. ഇതിനെ ചോദ്യം ചെയ്തെത്തിയ ഗ്രാമീണർക്ക് നേരെ നേപ്പാളി സേന വെടിവച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പിന്നാലെ, ചില അവശ്യ വസ്തുക്കൾ വാങ്ങാൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ എ.പി.എഫ് ജവാനെ ഗ്രാമീണർ തടഞ്ഞ് കെട്ടിയിട്ടു. ഇതോടെ പ്രദേശം സംഘർഷമേഖലയായി. തുടർന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തി. നീണ്ട ചർച്ചയ്ക്കൊടുവിൽ രാത്രി 11.30 ഓടെ നേപ്പാൾ സേനയ്ക്ക് രവീന്ദ്ര പ്രസാദിനെ വിട്ടയച്ചു. ഇതോടെ ഗ്രാമീണർ എ.പി.എഫ് ജവാനെയും മോചിപ്പിച്ചു.
ഏറെ നാളുകളായി അതിർത്തിയിൽ നേപ്പാൾ പ്രകോപനം തുടരുകയാണ്. ദിവസങ്ങൾക്ക് മുമ്പ് അതിർത്തി കടക്കുവാൻ ശ്രമിച്ചെന്ന് ആരോപിച്ച് മൂന്ന് ഇന്ത്യാക്കാർക്ക് നേരെ നേപ്പാൾ വെടിയുതിർത്തിരുന്നു.