arya

മുംബയ്: കണ്ണൂർക്കാരി ആര്യ ദയാലിന്റെ പാട്ടിന് അങ്ങ് ബോളിവുഡിൽ ഒരു ബിഗ് ഫാനുണ്ട്. സാക്ഷാൽ അമിതാഭ് ബച്ചൻ. ആര്യ കർണാടക സംഗീതവും പോപ് സംഗീതവും കോർത്തിണക്കി പാടിയ പാട്ടിനെയാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള അമിതാഭ് ബച്ചൻ പ്രശംസകൊണ്ട് മൂടിയത്. എഡ് ഷീരന്റെ ' ഷേപ്പ് ഒഫ് യൂ ' എന്ന പ്രശസ്തമായ ഗാനം സ്വരങ്ങളും കഥകളിപ്പദങ്ങളുമൊക്കെ കോർത്തിണക്കിയാണ് ആര്യ പാടിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ഇത് വൈറലായി.

ആര്യയുടെ പാട്ട് മലയാളത്തിലെ പ്രമുഖ ഗായകരുൾപ്പെടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. നേരത്തെ സഖാവ് എന്ന കവിത ചൊല്ലി മലയാളി മനസിൽ ഇടംപിടിച്ച ഗായികയാണ് ആര്യ.

 ബിഗ് ബിയുടെ പോസ്റ്റ്

'എന്റെ സംഗീത പങ്കാളിയും പ്രിയ സുഹൃത്തുമായ വ്യക്തിയാണ് ഈ വീഡിയോ അയച്ചു തന്നത്. ഈ കുട്ടി ആരെന്നറിയില്ല, പക്ഷേ എനിക്ക് പറയാനുള്ളത് ഒരു കാര്യമാണ്, നീ പ്രത്യേക കഴിവുള്ള കുട്ടിയാണ്. ദൈവം അനുഗ്രഹിക്കട്ടെ. ഇതുപോലെ നല്ല പാട്ടുകൾ ചെയ്യൂ. മുമ്പില്ലാത്തവിധം ഈ ആശുപത്രി ദിനങ്ങളെ നീ പ്രകാശപൂരിതമാക്കി. കർണാടക സംഗീതവും പോപ് സംഗീതവും മിക്‌സ് ചെയ്യുക അസാദ്ധ്യം. എളുപ്പമുള്ള കാര്യമല്ലത്. പക്ഷേ എത്ര അനായാസമായി ഇവൾ അത് ചെയ്യുന്നു. രണ്ട് സ്‌റ്റൈലിലും യാതൊരു വിധ വീഴ്ചയുമില്ല, മനോഹരം".

'ഞാനിപ്പോൾ ആകാശത്താണ്. അദ്ദേഹം എന്റെ ഗാനം കേൾക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഒരുപാടിഷ്ടം ബച്ചൻ സർ. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ".

- ബച്ചന് നന്ദി പറഞ്ഞ് ആര്യ ഫേസ്ബുക്കിൽ കുറിച്ചത്.