ചെന്നൈ: കൊവിഡിന്റെ വരവോടെ ജനജീവിതം മാറി മറിഞ്ഞു. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. മുന്‍കരുതലുകളുമായി മുന്നോട്ട് പോവുക എന്നുള്ളതാണ് ഏകമാര്‍ഗം. തമിഴ്‌നാട്ടിലെ ഒരു തുണിക്കട കുറച്ച് വ്യത്യസ്തമായി ചിന്തിച്ചു.
കടയുടെ മുന്നില്‍ പുത്തന്‍ വസ്ത്രം ധരിപ്പിച്ച് നിർത്തിയിരിക്കുന്ന ബൊമ്മകളെ കണ്ടിട്ടില്ലേ? അതേ പോലെ ഒരു റോബോർട്ടിനെ പട്ട്സാരി ചുറ്റിച്ച് കയ്യില്‍ ഒരു സാനിറ്റൈസറും കൊടുത്തു. കടയില്‍ വരുന്ന അതിഥികള്‍ക്ക് സാനിറ്റൈസര്‍ അങ്ങോട്ട് ചെന്ന് നല്‍കുകയാണ് ഈ റോബോർട്ടിന്റെ ജോലി. ഒപ്പം പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കുന്നതുകൊണ്ട് കടയ്ക്ക് പരസ്യവുമായി. 44 സെക്കന്റ് മാത്രമുള്ള വീഡിയോ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥയായ സുധ രാമന്‍ ആണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'സാങ്കേതിക വിദ്യ കൃത്യമായി ഉപയോഗിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ ഈ തുണിക്കട. സാരിയുടുത്ത യാന്ത്രികമായ ഈ മനുഷ്യ ശില്‍പം തന്റെ അടുത്തുള്ള ഉപഭോക്താക്കളെ മനസ്സിലാക്കി അവര്‍ക്ക് സാനിറ്റൈസര്‍ നല്‍കുന്നു. കൊറോണാനന്തര കാലം ഇത്തരത്തില്‍ ധാരാളം സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകള്‍ വെളിപ്പെടുത്തും,' സുധ രാമന്‍ കുറിച്ചു. ധാരാളം പേരാണ് തമിഴ് നാട്ടിലെ തുണിക്കടയിലെ ഈ ഐഡിയ പ്രകീര്‍ത്തിച്ചു പ്രതികരണം അറിയിക്കുന്നത്.