ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ട്വീറ്റ് ചെയ്ത ജെ.എൻ.യു ക്യാമ്പസ്
ഫ്രണ്ട് പ്രസിഡന്റ് സാജിദ് ബിൻ സയീദിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ വംശീയ ഉന്മൂലനം നടത്തുകയാണെന്നും പാലസ്തീനിലേതിന് സമാനമായാണ് കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും സാജിദ് ട്വിറ്റർ വഴി പരാമർശിച്ചിരുന്നു.
ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ഡൽഹി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. 'വംശീയ ഉന്മൂലനം' ആർ.എസ്.എസിന്റെ പദ്ധതിയാണെന്നും വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇയാൾ ട്വീറ്റിലൂടെ ആവശ്യപ്പെടുന്നു. ബി.ജെ.പി സർക്കാർ 'പിടിച്ചടക്കാനുള്ള ആർത്തി' അവസാനിപ്പിക്കണമെന്നും കാശ്മീരികൾക്ക് തീരുമാനങ്ങൾ എടുക്കാനുള്ള അവകാശങ്ങളെ കേന്ദ്രം മാനിക്കണമെന്നും ഇയാൾ പറയുന്നുണ്ട്.
ഇതാദ്യമായല്ല, സാജിദ് ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്നത്. കാശ്മീർ ലോകത്തിലെ ഏറ്റവും വലിയ സൈനിക സാന്നിദ്ധ്യമുള്ള സ്ഥലമാണെന്നും അവിടെ നിരന്തരം മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുകയാണെന്നും ജൂലൈ 12ന് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിലൂടെ സാജിദ് പറഞ്ഞിരുന്നു. കേന്ദ്ര സർക്കാർ കാശ്മീരിൽ വംശീയ ശുദ്ധീകരണത്തിനാണ് ശ്രമിക്കുന്നതെന്നും സാജിദ് ബിൻ സയീദ് ഈ ട്വീറ്റിലൂടെ അഭിപ്രായപ്രകടനം നടത്തി.