മാഞ്ചസ്റ്റർ: വിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയുമായക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ളണ്ട് രണ്ടാം ദിവസം രാവിലെ 369റൺസിന് ആൾഒൗട്ടായി. തുടർന്ന് മറുപടിക്കിറങ്ങിയ വിൻഡീസ് ബാറ്റിംഗിനും മികവ് കാട്ടനായില്ല. ഒടുവിൽ വിവരം ലഭിക്കുമ്പോൾ127/6 എന്ന നിലയിലാണ് സന്ദർശകർ.
ആദ്യ ദിനം 258/4 എന്ന നിലയിലായിരുന്ന ഇംഗ്ളണ്ടിന് അർദ്ധ സെഞ്ച്വറി നേടിയിരുന്ന ഒലീ പോപ്പിനെയും (91), ജോസ് ബട്ട്ലറെയും (67)ഇന്നലെ രാവിലെ തന്നെ നഷ്ടമായിരുന്നുവെങ്കിലും വാലറ്റക്കാരൻ സ്റ്റുവർട്ട് ബ്രോഡ് (62) അതിവേഗത്തിൽ നേടിയ റൺസാണ് 369ലെത്തിച്ചത്. വിൻഡീസിനായി കെമർറോഷ് നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഷാനോൺ ഗബ്രിയേലും റോസ്റ്റൺ ചേസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അഞ്ചാം വിക്കറ്റിൽ 142 റൺസ് കൂട്ടിച്ചേർത്ത പോപ്പ് - ബട്ട്‌ലർ സഖ്യത്തെ രാവിലെ പൊളിച്ചത് ഗബ്രിയേലാണ്. 150 പന്തുകളിൽ 11ബൗണ്ടറികൾ പായിച്ച പോപ്പിനെ സെഞ്ച്വറിക്ക് ഒൻപത് റൺസ് അകലെവച്ച് ക്ളീൻ ബൗൾഡാക്കുകയായിരുന്നു. പിന്നാലെ വോക്സിനെ(1) റോഷും ബട്ട്ലറെ ഗബ്രിയേലും പുറത്താക്കി. ആർച്ചറും (3)കൂടി റോഷിന് ഇരയായതോടെ ആതിഥേയർ 280/8 എന്ന നിലയിലായി. തുടർന്നായിരുന്നു ഡോം ബെസിനെ (18) കൂട്ടുനിറുത്തി ബ്രോഡിന്റെ വെടിക്കെട്ട്. 45 പന്തുകളിൽ ഒൻപത് ഫോറും ഒരു സിക്സും പായിച്ച ബ്രോഡ് ഒൻപതാം വിക്കറ്റിൽ 76റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് മടങ്ങിയത് വൈകാതെ ആൻഡേഴ്സണെ(11) പുറത്താക്കി ഹോൾഡർ ഇംഗ്ളീഷ് ഇന്നിംഗ്സിന് കർട്ടനിട്ടു.
ലഞ്ചിനുശേഷം മറുപടിക്കിറങ്ങിയ വിൻഡീസിന് ഒാപ്പണർ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെ (1) രണ്ടാം ഒാവറിൽ നഷ്ടമായി. സ്റ്റുവർട്ട് ബ്രോഡാണ് ബ്രാത്ത്‌വെയ്റ്റിനെ റൂട്ടിന്റെ കയ്യിലെത്തിച്ചത്. സഹ ഒാപ്പണർ ജോൺ ക്യാംപ്ബെൽ 32 റൺസുമായി 17-ാം ഒാവറിൽ കൂടാരം കയറുമ്പോൾ വിൻഡീസ് 44/2 എന്ന നിലയിലായിരുന്നു.ആർച്ചർക്കായിരുന്നു ക്യാംപ്ബെല്ലിന്റെ വിക്കറ്റ്. തുടർന്ന് ഷായ് ഹോപ്പ്(17),ഷമാർ ബ്രൂക്ക്സ് (4),റോൾട്ടൺ ചേസ് (9) എന്നിവർകൂടി പുറത്തായതോടെ വിൻഡീസ് 73/5 എന്നനിലയിലായി. ബ്ളാക്ക്‌വുഡും (26) ഹോൾഡറും (21*) ചേർന്നാണ് 100 കടത്തിയത്. എന്നാൽ 110ൽ വച്ച് ക്രിസ് വോക്സ് ബ്ളാക്ക്‌വുഡിനെ മടക്കി അയച്ചു.
200
ടെസ്റ്റിൽ ഇരുന്നൂറ് വിക്കറ്റുകൾ തികയ്ക്കുന്ന ഒൻപതാമത്തെ വിൻഡീസ് ബൗളർ എന്ന റെക്കാഡിന് കെമർ റോഷ് അർഹനായി.
26
വർഷത്തിന്ശേഷമാണ് ഒരു വിൻഡീസ് ബൗളർ 200 വിക്കറ്റ് ക്ളബിലെത്തുന്നത്.
1994
ൽ കർട്ട്ലി അംബ്രോസാണ് ഇതിനുമുമ്പ് ഇൗ നേട്ടത്തിൽ എത്തിയിരുന്നത്.