ബോളിവുഡിൽ നിന്നും തന്നെ പുറത്താക്കാൻ ഒരു സംഘം വ്യാജ പ്രചരണം നടത്തുന്നതായി ഓസ്കാർ ജേതാവ് എ.ആർ റഹ്മാൻ. ഇതിനാൽ നല്ല സിനിമകൾ തന്നെ തേടിവരുന്നില്ലെന്നും റഹ്മാൻ പറഞ്ഞു. ഒരു എഫ് എം റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴിനെ അപേക്ഷിച്ച് ഏന്ത് കൊണ്ടാണ് ഹിന്ദിയിൽ കുറച്ചു സിനിമകൾ മാത്രം ചെയുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
"നല്ല സിനിമകൾ വേണ്ടെന്ന് ഞാൻ പറയില്ല. എന്നാൽ ഒരു സംഘം ആളുകൾ തെറ്റിദ്ധാരണ മൂലം എനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നു.ദിൽ ബേചാര എന്ന സിനിമയ്ക്കായി സംവിധായകൻ മുകേഷ് ഛബ്ര എന്നെ സമീപിച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ നാല് പാട്ടുകൾക്ക് ഞാൻ ഈണം നൽകി. അദ്ദേഹം എന്നോടു കുറേ കഥകൾ പറഞ്ഞു. റഹ്മാനു പിന്നാലെ പോകേണ്ടെന്ന് പലരും അദ്ദേഹത്തോടു പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ആലോചിച്ചപ്പോൾ എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് നല്ല സിനിമകൾ എന്നെ തേടി വരാത്തതെന്ന്." റഹ്മാൻ പറഞ്ഞു.
'എനിക്കെതിരെ പലരും പ്രവർത്തിക്കുന്നുണ്ട്. എങ്കിലും ജനങ്ങൾ എന്നിൽ നിന്നും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു. ഞാൻ വിധിയിലും ഈശ്വരനിലും വിശ്വസിക്കുന്നു. നല്ല സിനിമകളുടെ ഭാഗമാകാൻ എന്നും ശ്രമിക്കും' റഹ്മാൻ കൂട്ടിച്ചേർത്തു. അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തും സഞ്ജന സംഘിയും അഭിനയിച്ച ദിൽ ബേചാരയാണ് റഹ്മാന്റെ ഏറ്റവും പുതിയ ചിത്രം.