ഭോപ്പാൽ: കൊവിഡ് പരിശോധനയിൽ പോസിറ്റീവായ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് വേഗത്തിൽ സുഖം പ്രാപിക്കാനുള്ള ആശംസയുമായി മുൻ മുഖ്യമന്ത്രി കമൽനാഥ് രംഗത്ത്. 'ഉടൻ സുഖം പ്രാപിക്കുക' എന്ന ട്വീറ്റിനോടൊപ്പം ശിവരാജ് സിംഗ് ചൗഹാനെ വെറുതെ വിടാൻ കമൽനാഥ് തയ്യാറായില്ല.
'നിങ്ങൾക്ക് കൊവിഡ് പോസിറ്റീവായതിൽ എനിക്ക് അതിയായ ദു:ഖമുണ്ട്. വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ ഞങ്ങൾ വൈറസിനെ വളരെ ഗൗരവമായി എടുത്തപ്പോൾ നിങ്ങൾ അതിനെ നാടകമെന്ന് വിളിച്ചതിൽ ദു:ഖമുണ്ട്. ഇത് ഗുരുതരമായ രോഗമാണെന്ന് ഞങ്ങൾ തുടക്കം മുതൽ പറയാറുണ്ടായിരുന്നു. അതിനെക്കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്, പ്രോട്ടോക്കോൾ പിന്തുടരേണ്ടതുണ്ട്' എന്നായിരുന്നു കമൽനാഥിന്റെ ട്വീറ്റ്.
കൊവിഡ് വൈറസ് രാജ്യത്ത് വ്യാപിക്കാൻ തുടങ്ങിയ കാലത്ത് മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ ആയിരുന്നു അധികാരത്തിലുണ്ടായിരുന്നത്. അതിനു ശേഷം സർക്കാരിന് ഭൂരിപക്ഷം നഷ്‌ടമായതോടെ നാലാം തവണയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് ചൗഹാൻ ചുമതലയേൽക്കുകയായിരുന്നു. മദ്ധ്യപ്രദേശിൽ കോൺഗ്രസിന്റെ സമുന്നത നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ 22 വിശ്വസ്തരുമായി സംസ്ഥാനത്ത് ബി.ജെ.പി ഭരണത്തിന് വഴിയൊരുക്കി കോൺഗ്രസ് വിടുകയായിരുന്നു.