ജെനീവ: കേരളത്തിൽ ഭീകര സംഘടനയായ ഐസിസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഐക്യരാഷ്ട്രസഭ. തങ്ങളുടെ വാർഷിക റിപ്പോർട്ടിലാണ് ഐക്യരാഷ്ട്രസഭ ഈ പരാമർശം നടത്തിയിരിക്കുന്നത്. ഐസിസ് പ്രവർത്തനവും തുടർന്നുള്ള വ്യാപനവും ഏറ്റവും കൂടുതലായി ഉണ്ടാകുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളവും കർണാടകയും ഉണ്ടെന്നാണ് റിപ്പോർട്ടിലുള്ള പരാമർശം.
ഭീകരസംഘടയുടെ സാന്നിദ്ധ്യം കേരളത്തിൽ വർദ്ധിച്ച് വരുന്ന സാഹചര്യമാണ് ഉള്ളതെന്നും ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഇരുനൂറോളം ഭീകരര്‍ ഇന്ത്യൻ ഉപഭൂഖണ്ഡ മേഖലയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് അൽ ഖയ്ദ, ഐസിസ് എന്നീ ഭീകരസംഘടനകളെ കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്റ് സാങ്ഷന്‍സ് മോണിറ്ററിങ് ടീമിന്റെ 26മത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2019 മെയ് 10ന് പ്രഖ്യാപിച്ച ഐഎസ്‌ഐഎല്‍ ഹിന്ദ് വിലായ ഗ്രൂപ്പില്‍ 180മുതല്‍ 200വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോർട് പറയുന്നത്. അൽ ഖയ്ദ ഇന്ത്യന്‍ ഉപഭൂഖണ്ഡ വിഭാഗത്തിന്റെ ഇപ്പോഴത്തെ തലവന്‍ ഒസാമ മഹമൂദ് ആണ്. മുന്‍ മേധാവി അസീം ഒമറിന്റെ മരണത്തില്‍ പ്രതികാരം ചെയ്യാനാണ് ഇവര്‍ തയ്യാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
താലിബാന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിഭാഗത്തിന് 'ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖയ്ദ(എ.ക്യൂ.ഐ.എസ്)' എന്നാണ് പേര്. ഇന്ത്യൻ 'വിലായ ഒഫ് ഹിന്ദ്' എന്ന പേരിൽ പുതിയ 'പ്രവിശ്യ' രൂപീകരിച്ച കാര്യം കഴിഞ്ഞ വർഷം മെയിൽ ഐസിസ് പ്രഖ്യാപിച്ചിരുന്നു. കാശ്മീരിൽ തീവ്രവാദികളും ഇന്ത്യൻ സൈന്യവും ഏറ്റുമുട്ടിയതിനു ശേഷമായിരുന്നു ഈ പ്രഖ്യാപനം വന്നത്.