ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിൽ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ ജെ.എൻ.യു വിദ്യാർത്ഥി ഷർജിൽ ഇമാമിനെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് പട്യാല ഹൗസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
മുപ്പത്തൊന്നുകാരനായ ഷർജിൽ ബോംബെ ഐ.ഐ.ടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം.ടെക്ക് ബിരുദം നേടിയശേഷം ആധുനിക ഇന്ത്യാ ചരിത്രത്തിൽ ഉപരിപഠനത്തിനായി ജെ.എൻ.യുവിൽ ചേരുകയായിരുന്നു. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന ഷഹീൻ ബാഗിൽ വച്ച് സംഘർഷമുണ്ടാക്കുന്ന രീതിയിൽ വിദ്വേഷ പ്രസംഗം നടത്തി എന്നതാണ് ഷർജീലിന് എതിരെയുള്ള കേസ്.
കഴിഞ്ഞ ജനുവരിയിൽ അറസ്റ്റിൽ ആയ ഷർജീലിന് എതിരെ പിന്നീട് യു.എ.പി.എ ചുമത്തുകയായിരുന്നു. ജനുവരി 16-ന് ഷർജീൽ നടത്തിയ ഒരു പ്രസംഗമാണ് കേസുകൾക്ക് പ്രധാന ആധാരം. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ദോഷം ചെയ്യുന്ന തരത്തിൽ ഷർജിൽ ഇമാം പ്രവർത്തിച്ചു എന്നാണ് കുറ്റപത്രത്തിലെ ആരോപണം. കൊവിഡ് ബാധിതൻ ആയ ഷർജിൽ ഇമാം നിലവിൽ ഗുവാഹത്തി സെൻട്രൽ ജയിലിൽ കഴിയുകയാണ്. രോഗം ഭേദമായതിന് ശേഷം ഇയാളെ ഡൽഹിയിലേക്ക് കൊണ്ടുവരും.