മനില : കൊവിഡ് 19 രൂക്ഷമായി തുടരുന്നതിനിടെ ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ബേസ്ബോൾ സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത് ആയിക്കണക്കിന് പേർ. കൊവിഡിന്റെ പശ്ചാത്തലത്തിൽ മനിലയിൽ കുടുങ്ങിപ്പോയ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ നാട്ടിലെത്തിക്കാൻ സർക്കാർ ഒരുക്കിയ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ആളുകൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
എല്ലാവരെയും അവരവരുടെ നാട്ടിലേക്ക് മടക്കിയെത്തിക്കുന്നതിന് മുമ്പായി കൊവിഡ് ടെസ്റ്റ് നടത്താനുള്ള ഇടമായാണ് അധികൃതർ ബേസ്ബോൾ സ്റ്റേഡിയത്തെ തിരഞ്ഞെടുത്തത്. മനിലയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ജോലിക്കായി എത്തിയിട്ടുള്ളത്. ഇവരിൽ ഭൂരിഭാഗം പേർക്കും നിലവിൽ ജോലിയില്ല. തുടർന്നാണ് ഇവരെ സ്വന്തം നാടുകളിലേക്കെത്തിക്കാൻ സർക്കാർ മുൻകൈയ്യെടുത്തത്.
വെള്ളിയാഴ്ച മുതൽ 7,500 പേരെ സ്റ്റേഡിയത്തിലേക്കെത്തിക്കാനായിരുന്നു സർക്കാർ തീരുമാനം. കണക്കിൽപ്പെടാതിരുന്ന 2,000ത്തോളം പേർ സ്റ്റേഡിയത്തിലേക്കിരച്ചു കയറുകയായിരുന്നു. ആളുകളുടെ എണ്ണം കൂടിയതോടെ അധികൃതർക്ക് ഇവരെ നിയന്ത്രിക്കാനാകാതെ വരികയായിരുന്നു. അതോടെ സാമൂഹ്യ അകലമൊക്കെ കാറ്റിൽപറന്നു.
അകലം പാലിക്കാൻ പൊലീസ് നിർദ്ദേശിച്ചെങ്കിലും വൃദ്ധരും കുട്ടികളും ഗർഭിണികളും ഉൾപ്പെടെയുള്ളവർ കൂട്ടത്തോടെയാണ് സ്റ്റേഡിയത്തിൽ തടിച്ച് കൂടിയത്. ഇതിൽ ചിലർ മാസ്ക് പോലും ധരിച്ചിരുന്നില്ല. മാർച്ച് പകുതിയോടെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് മനിലയിൽ കുടുങ്ങിപ്പോയവരാണ് സ്റ്റേഡിയത്തിലെത്തിയവരിൽ ഏറെയും. ജൂൺ ആദ്യവാരത്തോടെയാണ് ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിലെത്തിയത്. എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെ ഫിലിപ്പീൻസിലെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം കേസുകളും തലസ്ഥാനമായ മനിലയിലാണ്. നിലവിൽ 78,412 പേർക്കാണ് ഫിലിപ്പീൻസിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,897 പേർ മരിച്ചു.