china

ന്യൂഡൽഹി: ഗാൽവൻ താഴ്‍‍വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ച ഏറ്റുമുട്ടലിന് ശേഷവും പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്ന് ചൈന പിന്നോട്ട് പോയിട്ടില്ലെന്ന് റിപ്പോർട്ട്. കിഴക്കൻ ലഡാക്കിൽ ചൈനീസ് സേന പിൻവാങ്ങിയില്ലെന്നും നിയന്ത്രണരേഖയ്ക്ക് സമീപം പലിയിടത്തും കൂടുതൽ സേനയെ വിന്യസിച്ചിരിക്കുകയാണെന്നും തെളിയിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റലിജൻസ് പ്ലാറ്റ്ഫോമാണ് ഉപഗ്രഹദൃശ്യങ്ങൾ വിശകലനം ചെയ്തത്.

40,000ത്തോളം സൈനികരെ നിയന്ത്രണ രേഖയ്‌ക്കു സമീപവും പിന്നിലുമായി ചൈന വിന്ന്യസിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടു വന്നിരുന്നു. കഴിഞ്ഞ മേയ് മുതൽ ലഡാക്കിൽ പലയിടത്തും ചൈന തങ്ങളുടെ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ചതിനെ തുടർന്നാണ് അതിർത്തിയിൽ സംഘർഷം ഉടലെടുത്തത്. ശീതകാലം കടുക്കുന്നതോടെ അതിർത്തിയിലെ സമ്മർദ്ദം കൂടുതൽ ശക്തമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ നാലു വട്ടം കമാൻഡർ തല ചർച്ചകൾ നടത്തിയതിന് ശേഷം ഗാൽവൻ താഴ്‍‍വര അടക്കമുള്ള മേഖലകളിൽ ചൈന പിന്നോട്ടു പോയിട്ടുണ്ട്. ഇതിനു പുറമെ പാംഗോങ് തടാകത്തിലെ ഫിംഗർ ഫോർ, ഹോട്ട്സ്‌പ്രിംഗ്സ് എന്നിവിടങ്ങളിൽ നിന്നും നിന്നും ചൈനീസ് സേന രണ്ടു കിലോമീറ്ററോളം പിന്മാറി. എന്നാൽ ഇന്ത്യ സ്വന്തം നിയന്ത്രണത്തിൽ ഉള്ളതെന്ന് അവകാശപ്പെടുന്ന ഫിംഗർ അഞ്ചുമുതൽ ഫിംഗർ 8വരെ ഇപ്പോഴും ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.