കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. കോഴിക്കോട് കുറ്റിയാട് തളിയിൽ ബഷീർ(53) ആണ് മരിച്ചത്. കാൻസർ രോഗിയായ ബഷീർ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ കാൻസർ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് ഇന്ന് രാവിലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കീമോതെറാപ്പി അടക്കമുള്ള ചികിത്സയിലായിരുന്നു ഇദ്ദേഹം.
ഇതോടെ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം ആറായി. വയനാട്, എറണാകുളം, കാസർകോട്, പാലക്കാട് ജില്ലകളിലാണ് കൊവിഡ് മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തത്.
ന്യൂമോണിയ ബാധിച്ച് ബംഗളൂരുവിൽ നിന്ന് തലശേരിയിലേക്ക് കൊണ്ടുവരും വഴി മുത്തങ്ങയിൽ കുഴഞ്ഞുവീണ് മരിച്ച അറുപത്തിരണ്ട്കാരി തലശേരി സ്വദേശി കെ.പി.ലൈലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെച്ചപ്പെട്ട ചികിത്സ തേടി നാട്ടിലേക്ക് തിരിച്ച ഇവർക്ക് ബംഗളൂരുവിൽ നടത്തിയ പരിശോധനയിൽ കോവിഡില്ലെന്നാണ് ഫലംലഭിച്ചത്. എന്നാൽ മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ആലുവയിൽ മരിച്ച 72കാരൻ ചെല്ലപ്പനും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കാസർകോട് സ്വദേശി നബീസയാണ് ഇന്ന് മരിച്ച മറ്റൊരാൾ. സമ്പർക്കത്തിലൂടെയാണ് 75 കാരിയായ നബീസയ്ക്ക് രോഗം ബാധിച്ചത്.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊല്ലങ്കോട് സ്വദേശിയായ 40 കാരി അഞ്ജലിയും ഇന്ന് മരിച്ചു. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കണ്ണൂർ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ മരിച്ച 19 കാരൻ അമൽ ജോ അജിക്കും കൊവിഡ് സ്ഥിരീകരിച്ചു.