pic

ബ്രസീൽ: ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊണാരോയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ബൊൽസൊണാരോ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.നാലാമത്തെ പരിശോധനയിലാണ് ഇദ്ദഹത്തിന് രോഗം ഭേദമായത്. ഇതിന് മുമ്പ് നടത്തിയ മൂന്ന് പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു.

ബുധനാഴ്ച മൂന്നാമതായി നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് രോഗം പോസിറ്റീവായിരുന്നു. എന്നാൽ പിന്നീട് പരിശോധന നടത്തിയ വിവരം 65 കാരനായ ബൊൽസൊണാരോ പുറത്തു പറഞ്ഞിരുന്നില്ല. രോഗമുക്തനായെന്ന ഫേസ്ബുക്ക് പോസ്റ്റിനൊപ്പം തന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മലേറിയയ്ക്കുളള പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കെെയിൽ പിടിച്ചുളള ചിത്രമാണ് പോസ്റ്റിനൊപ്പം ബൊൽസൊണാരോ പങ്കുവച്ചത്. എന്നാൽ ഈ മരുന്ന് കൊവിഡിനെതിരെ ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല.

കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പോലും മാസ്ക് ധരിക്കാതെ നിരവധി ആളുകളുമായി ബൊൽസൊണാരോ സമ്പർക്കത്തിലേർപെട്ടിരുന്നു. ഇതേ തുടർന്നാകും ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ കരുതുന്നത്.കഴിഞ്ഞ തിങ്കളായ്ച രണ്ട് കാബിനറ്റ് മന്ത്രിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് വ്യാപകമാകുന്ന ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് ബ്രസീൽ. കഴിഞ്ഞ ദിവസം 85238 പേരാണ് ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചത്. സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്ത് 2,343,366 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാണെന്നാണ് വിലയിരുത്തൽ.