covid-

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി ഉയരുന്നതിനിടെ മഹാരാഷ്ട്രയിലും തമി‌ഴ്നാട്ടിലും കർണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. തമിഴ്‌നാട്ടിൽ 6,988 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 89 പേരാണ് സംസ്ഥാനത്ത് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 2,06,737 ആയി. 1,51,055 പേർ രോഗമുക്തി നേടിയപ്പോൾ 3,409 പേരാണ് ഇതുവരെ മരിച്ചത്. 52,273 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

കർണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 5,072 പുതിയ കേസുകളും 72 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90,942 ആയി. ഇതിൽ 55,388 എണ്ണം സജീവ കേസുകളാണ്. 1,796 പേർ ഇതിനോടകം കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ചു.

മഹാരാഷ്ട്രയിൽ ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 9,251 പേർക്കാണ്. അതിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ മുംബയിൽ ഇന്ന് 1090 പേർക്ക് കൊവിഡ് ബാധിച്ചു. 257 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,66,368 ആയി. ഇതിൽ 1,45,481 എണ്ണം സജീവ കേസുകളാണ്. 2,07,194 പേർ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

മുംബയിൽ ഇന്ന് 52 പേർ മരിക്കുകയും 617 പേർ രോഗമുക്തി നേടുകയും ചെയ്തു. മുംബയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,07,981 ആയി. 78,877 പേരാണ് രോഗമുക്തി നേടിയത്.