pragya-singh

ഭോപ്പാൽ: കൊവിഡ് രോഗത്തെ രാജ്യത്തുനിന്നും തുരത്താനായി വൻ ജനാവലിയോടൊപ്പം പത്ത് ദിവസം അടുപ്പിച്ച് 'ഹനുമാൻ ചാലീസ' ചൊല്ലാനൊരുങ്ങി ഭോപ്പാലിലെ ബി.ജെ.പി എം.പി പ്രഗ്യ സിംഗ് താക്കൂർ. ഹിന്ദു ദൈവമായ 'ഹനുമാനെ' സ്തുതിക്കുന്ന ഗീതങ്ങളാണ് ഹനുമാൻ ചാലീസ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പ്രഗ്യ, ഭോപ്പാലിലെയും രാജ്യത്തെയും ഹിന്ദുക്കളെ തന്നോടൊപ്പം ഈ സ്തുതിഗീതങ്ങൾ ചൊല്ലാനായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

ജൂലൈ 25 മുതൽ ആഗസ്റ്റ് അഞ്ച് വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് ഏഴു മണിക്ക്, അഞ്ച് തവണയായി ഹനുമാൻ ചാലീസ കൊല്ലാനാണ് ബി.ജെ.പി എം.പിയുടെ പദ്ധതി. ഇങ്ങനെ ചെയ്യുന്നതിലൂടെ രാജ്യത്തെ കൊവിഡിൽ നിന്നും മോചിപ്പിക്കാൻ കഴിയും. പ്രഗ്യ വീഡിയോയിൽ പറയുന്നു.

ഇത് സംബന്ധിച്ച് താൻ ശ്രീരാമ ഭഗവാനോട് പ്രാർത്ഥന നടത്തിയതായും പ്രഗ്യ പറയുന്നു. മദ്ധ്യപ്രദേശ് സർക്കാർ കൊവിഡിനെ നിയന്ത്രിക്കാനായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, രോഗത്തെ ഇല്ലാതാക്കാനായി 'നമ്മൾ ആത്മീയപരമായും ശ്രമിക്കേണ്ടതാണെ'ന്നും പ്രഗ്യ സിംഗ് പറയുന്നുണ്ട്.

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജയുടെ ദിവസമായ ആഗസ്ത് അഞ്ചിനാണ് പ്രാർത്ഥന അവസാനിപ്പിക്കേണ്ടത്. പ്രാർത്ഥന സോഷ്യൽ മീഡിയയിൽ വൈറലായി മാറും. പ്രഗ്യ പറയുന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനുകൂടി കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ബി.ജെ.പി എം.പിയുടെ ഈ അഭ്യർത്ഥന വരുന്നതെന്നത് ശ്രദ്ധേയമാണ്.