ന്യൂഡല്‍ഹി: വടക്കൻ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ മദ്യ വില്‍പ്പനയ്ക്കായുള്ള ലൈസന്‍സിനായി ഷോപ്പിംഗ് മാളുകള്‍ക്ക് അപേക്ഷിക്കാം. വിദേശ-പ്രീമിയം ബ്രാന്‍ഡുകളുടെ മദ്യം വില്‍ക്കാനുള്ള അനുമതിയ്ക്കായി മാളുകള്‍ക്ക് ജൂലൈ 27 മുതല്‍ അപേക്ഷിക്കാമെന്ന് ഉത്തർ പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇറക്കുമതി ചെയ്ത മദ്യം ഓഗസ്റ്റ് 25 മുതല്‍ മാളുകളില്‍ ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇറക്കുമതി ചെയ്ത വിദേശമദ്യം, ഇന്ത്യന്‍ സ്‌കോച്ച്, 700 രൂപയ്ക്ക് മുകളിലുള്ള ബ്രാന്‍ഡി, ജിന്‍,വൈന്‍, വോഡ്ക, റം എന്നീ വിവിധ തരം മദ്യങ്ങളുടെ എല്ലാ ബ്രാന്‍ഡുകളും മാളുകളില്‍ നിന്നും ലഭിക്കും. ഒപ്പം 160 രൂപയോ അതില്‍ കൂടുതലോ വില വരുന്ന ബിയറും ഇവിടെ നിന്നും വാങ്ങാം ലൈൻസൻസിന് വേണ്ടിയുള്ള വാര്‍ഷിക ഫീസ് 12 ലക്ഷം രൂപയാണ്.
വ്യക്തി, കമ്പനി, സ്ഥാപനം അല്ലെങ്കില്‍ സൊസൈറ്റി എന്നിവയ്ക്കാണ് മദ്യവിൽപ്പനയ്ക്കായി ലൈസൻസ് നേടാനാകുക. മാളുകളിലെ മദ്യ വില്‍പ്പന രാവിലെ 10 മണി മുതല്‍ രാത്രി ഒന്‍പതു മണി വരെയെ അനുവദിക്കുകയുള്ളൂ എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മദ്യം വാങ്ങാനായി എത്തുന്നവർക്ക് ഔട്ട്‌ലൈറ്റുകളില്‍ പ്രവേശിച്ച് ഷെല്‍ഫുകളില്‍ നിന്ന് ഇഷ്ടബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കാനാകും.