pic

ന്യൂഡൽഹി: ലോകത്ത് മുഴുവൻ പടർന്ന് പിടിക്കുന്ന കൊവിഡ് വെെറസ് ശ്വാസകോശത്തെ മാത്രമല്ല ചെവിയേയും ബാധിക്കുമെന്ന് പുതിയ പഠനം. കൊവിഡ് ബാധിച്ച് മരിച്ച മൂന്ന് രോഗികളുടെ പോസ്റ്റ്‌മോർട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ജാമയെന്ന ശാസ്ത്ര ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചത്. പോസ്റ്റ്മോർട്ടത്തിൽ ചെവിക്കുള്ളിലും തലയുടെ മാസ്റ്റോയ്ഡ് ഏരിയയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ചെവിക്ക് പിന്നിലുള്ള പൊള്ളയായ അസ്ഥിയാണ് മാസ്റ്റോയ്ഡ്.

മരണമടഞ്ഞ രോഗികളുടെ ശരീരത്തിൽ നിന്ന് മാസ്റ്റോയിഡുകൾ നീക്കം ചെയ്യുകയും ചെവിയിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തുകൊണ്ടാണ് ഗവേഷണം നടത്തിയത്. മരണപ്പെട്ട മൂന്ന് പേരിൽ നടത്തിയ പരീക്ഷണത്തിൽ രണ്ട് പേരുടെ ചെവികളിൽ നിന്നുമെടുത്ത സാമ്പിളുകളാണ് പോസിറ്റീവായത്.കൊവിഡ് വൈറസ് ചെവി ഉൾപ്പെടെയുളള അവയവങ്ങളെ ബാധിക്കുന്ന സാഹചര്യത്തിൽ ഏവരും പ്രതിരോധ മുൻകരുതൽ നടപടി സ്വീകരിക്കണം.നേത്ര സുരക്ഷയും ചെവിയുടെ സുരക്ഷയും ഉറപ്പുവരുത്തണം. ഇതിനായി ആശുപത്രി ആരോഗ്യ മേഖലയിലുളളവർ എൻ95 മാസ്ക് ഉൾപ്പെടെയുളള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ഗവേഷകർ പറയുന്നു.