pic

ജയ്പൂർ: രാജസ്ഥാനിൽ രാഷ്‌ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ഭരണം ലക്ഷ്യമിട്ട് ബി.ജെ.പി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തു ഭരണപ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി രംഗത്തെത്തി.കൊവിഡ് മൂലം ജനങ്ങൾ വലയുമ്പോൾ കോൺഗ്രസ് സർ‌ക്കാരിന്റെ മന്ത്രിമാരും എം.എൽ.എമാരും ഹോട്ടലിൽ തങ്ങുകയാണെന്നും ഭരണം നടക്കുന്നില്ലെന്നും ബി.ജെ.പി ആരോപിച്ചു. രാജ്ഭവൻ വളയുകയും ഗവർണറെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ഭരണഘടനാ സംവിധാനങ്ങളോടുളള വെല്ലുവിളിയാണെന്നും സംസ്ഥാനത്തെ ക്രമസമാധാനം തകരാറിലായെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

രാജസ്ഥാനിൽ ഗവർണർ പോലും സുരക്ഷിതമല്ലെന്ന സ്ഥിതിയാണു നിലവിലുളളതെന്ന് ഗവർണറെ കണ്ടശേഷം ബി.ജെ.പി നേതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. സച്ചിൻ – ഗെലോട്ട് പോര് കോടതിയിലെത്തുകയും തീരുമാനം നീളുകയും ചെയ്തതോടെ സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമാവുകയാണ്. നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നീക്കം. 103 എം.എൽ.എമാരുടെ പിന്തുണ ഇപ്പോഴും മുഖ്യമന്ത്രിക്കുണ്ട്. മന്ത്രിസഭ വീഴ്ത്താനാവില്ലെന്ന് ഉറപ്പായാൽ അയോഗ്യരാക്കപ്പെടാതിരിക്കാൻ സർക്കാരിന് അനുകൂലമായി വോട്ടു ചെയ്യാൻ സച്ചിൻ പൈലറ്റും വിമത എം.എൽ.എമാരും നിർബന്ധിതരാകും. എതിർത്തു വോട്ടു ചെയ്യുകയും മന്ത്രിസഭ വീഴുകയും ചെയ്താലും റിബൽ എം.എൽ.എമാർ അയോഗ്യരാക്കപ്പെടും. അപ്പോഴും കൂടുതൽ എം.എൽ.എമാർ ഗെലോട്ടിനൊപ്പമായതിനാൽ സർക്കാർ രൂപീകരണം ബി.ജെ.പിക്ക് സാദ്ധ്യമാവില്ല.നിവലിലെ സാഹചര്യത്തിൽ നിയമസഭാ സമ്മേളനത്തിന് അനുമതി തേടി അശോക് ഗെലോട്ട് വീണ്ടും ഗവർണറെ കാണാനാണ് സാദ്ധ്യത.

സച്ചിൻ പെെലറ്റിനെയും 18 എം.എൽ.എമാരെയും അയോഗ്യരാക്കിയതുമായി ബന്ധപ്പെട്ട കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.കേസിന്റെ വിധി എന്താകുമെന്ന് ബി.ജെ.പിയും ആശങ്കയിലാണ്. സുപ്രീംകോടതി വിധി പ്രതികൂലമായാൽ സച്ചിൻ പെെലറ്റിന് അത് തിരിച്ചടിയാകും. എന്നാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കി ഭരണകക്ഷിയിൽ വീണ്ടും ഭിന്നിപ്പുണ്ടാക്കി ഭരണം പിടിക്കാമെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കളുടെ കണക്കുകൂട്ടൽ.