wrist-band

ചെന്നൈ: കൊവിഡ് വൈറസ് രോഗലക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കുന്നതിനുള്ള ഉപാധിയുമായി ഐ.ഐ.ടി മദ്രാസ് ഇന്‍ക്യുബേറ്റഡ് സ്റ്റാര്‍ട്ടപ്പായ മ്യൂസ് വെയറബിള്‍സ്. കൈയിലണിയുന്ന റിസ്റ്റ് ബാന്‍ഡ് മോഡലില്‍ നിര്‍മ്മിക്കുന്ന ഉപകരണം വികസിപ്പിക്കുന്നതിന് 22 കോടി രൂപ മ്യൂസ് വെയറബിള്‍സ് സമാഹരിച്ചു. 3,500 രൂപ വിലവരുന്ന റിസ്റ്റ് ബാന്‍ഡ് ആഗസ്റ്റില്‍ 70ഓളം രാജ്യങ്ങളില്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

റിസ്റ്റ് ബാന്‍ഡില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ വഴി ശരീരത്തിന്റെ താപനില, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവ കണ്ടെത്താനാകും. ഇതിലൂടെ കൊവിഡ്-19 ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി രോഗനിര്‍ണയം പ്രാപ്തമാക്കാന്‍ സാധിക്കും. 2022 ഓടെ ലോകമെമ്പാടും 10 ലക്ഷം ഉല്‍പന്നങ്ങള്‍ വില്‍ക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.ബ്ലൂടൂത്ത് ഉപയോഗിച്ച് മ്യൂസ് ഹെല്‍ത്ത് ആപ്പ് വഴി ഈ ഉപകരണത്തെ സ്മാര്‍ട്ട് ഫോണുകളുമായി ബന്ധിപ്പിക്കാനാവും. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ സ്മാര്‍ട്ട് ഫോണിലും സെര്‍വറിലും സൂക്ഷിക്കാം. കണ്ടെയ്ന്റ്മെന്റ് സോണുകളിലുള്ളവര്‍ക്ക് കൊവിഡ് വൈറസ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി സെന്‍ട്രലൈസ്ഡ് മോണിറ്ററിംഗ് സംവിധാനവും ഇതിലൂടെ ഒരുക്കാനാകും. ഇതുകൂടാതെ, ആപ്ലിക്കേഷന് ആരോഗ്യ സേതു ആപ്ലിക്കേഷനില്‍ നിന്നുള്ള അലേര്‍ട്ടുകളും ലഭിക്കും.