കോഴിക്കോട്: ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിലെ ഫാർമസിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. ബാലുശ്ശേരി കരുമല സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിലെ അമ്പതോളം ജീവനക്കാർ നിരീക്ഷണത്തിലാണ്. ആരോഗ്യവകുപ്പ് രണ്ട് വാർഡുകളിലായി സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്.
കോഴിക്കോട് ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗണാണ്. ഇന്നലെ 110 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യം ഒരുക്കുന്നതിൽ ജില്ലാ ഭരണകൂടം വേഗത കൂട്ടി . നിലവിലെ സ്ഥിതിയിൽ ആഗസ്റ്റ് അവസാനത്തോടെ മൂവായിരത്തിനും നാലായിരത്തിനുമിടയിൽ രോഗികൾ കൂടുമെന്നാണ് ജില്ലാ ആരോഗ്യ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.
രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരാനുളള ജാഗ്രതയും ചികിത്സാ സൗകര്യം ഒരുക്കുകയുമാണ് നിലവിലെ ദൗത്യം. മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ്. സാംബശിവ റാവു പ്രതിരോധ നടപടികൾ വിശദീകരിച്ചു. സബ് കളക്ടർ ജി.പ്രിയങ്ക, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുജിത് ദാസ്, ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, അഡീഷണൽ ഡി.എം.ഒ ആശാദേവി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
സംസ്ഥാനത്ത് ഇന്നലെ 1103 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം 18,098 ആയി. അഞ്ച് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.