തിരുവനന്തപുരം: കൊവിഡ് തലസ്ഥാന നഗരത്തെ കീഴടക്കിയപ്പോഴും ഗ്രാമപ്രദേശങ്ങളിൽ അത്ര രൂക്ഷമായിരുന്നില്ല. അതിന്റെ ആശ്വാസമുണ്ടായിരുന്നു. എന്നാലിപ്പോൾ ഗ്രാമങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തതോടെ ചെറിയ തോതിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ഉറവിടമറിയാത്ത രോഗികൾ വർദ്ധിക്കുന്നതിനാൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ. അതിനാൽ ജില്ലയിലെ മലയോര മേഖലകളിൽ അതീവ ശ്രദ്ധ നൽകി വരികയാണെന്ന് അരുവിക്കര എം.എൽ.എ കെ.എസ്.ശബരിനാഥൻ 'കേരളകൗമുദി 'ഫ്ളാഷി'നോട് പറഞ്ഞു.
പ്രതിരോധം ശക്തം
ആര്യനാട്ട് രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ വേണ്ട മുൻകരുതലും ജാഗ്രതയും സ്വീകരിച്ചിരുന്നു. ആദ്യദിവസങ്ങളിൽ കൂട്ടത്തോടെ രോഗം പകർന്നത് ആശങ്കപ്പെടുത്തിയെങ്കിലും പിന്നീട് സ്ഥിതി നിയന്ത്രണവിധേയമായി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് രോഗവ്യാപനത്തിന്റെ തോത് കുറച്ചു. എന്നാൽ, പെട്ടെന്നുള്ള നടപടി ജനങ്ങൾക്ക് ബുദ്ധിമുണ്ടാക്കി.
എങ്കിലും നാടിന്റെ നന്മയെ കരുതി അവർ പൂർണമായി സഹകരിച്ചു. ഈ ദുർഘട കാലത്തും അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുനൽകാനായി. ലോക്ക് ഡൗൺ സമയത്ത് നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകൾക്കും കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് സഹായമെത്തിച്ചു. സന്നദ്ധ സംഘടനകളുടെയും കൂടി സഹായത്തോടെയായിരുന്നു ഇത്.
കൊവിഡിനെ പ്രതിരോധിക്കാൻ മണ്ഡലത്തിലെ ആശുപത്രികൾ പൂർണ സജ്ജമാണ്.
എല്ലാ ആശുപത്രികളിലും വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, ആശുപത്രികൾ കൂടാതെ പൊലീസ് സ്റ്റേഷൻ, ഫയർ ഫോഴ്സ് എന്നിവർക്കായി 10,000 ത്രീ ലെയർ മാസ്ക്, ആയിരം എൻ 95 മാസ്ക്, പിപിഇ കിറ്റുകൾ എന്നിവ നൽകി. ടാറ്റാ ട്രസ്റ്റിന്റെ സഹായത്തോടെയാണ് കൊവിഡ് പ്രതിരോധ സാധനങ്ങൾ ഇവിടങ്ങളിൽ എത്തിച്ചത്. ഒ.ഐ.സി.സിയുടെയും ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിന്റെയും സഹകരണത്തോടെ നിയോജക മണ്ഡലത്തിലെ മുഴുവൻ ആശുപത്രികളിലും ശരീര ഊഷ്മാവ് പരിശോധനയ്ക്കായി ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ വിതരണം ചെയ്തു.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകമായി നിയോജകമണ്ഡലത്തിലെ ഏക താലൂക്ക് ആശുപത്രിയായ വിതുര താലൂക്ക് ആശുപത്രിയിൽ എം.എൽ.എ ഫണ്ടിൽ നിന്ന് ആബുലൻസും വാങ്ങി നൽകി.
മലയോര മേഖലയിൽ ശ്രദ്ധ
ജില്ലയുടെ മലയോര മേഖലകളായ വിതുര, ആര്യനാട് പ്രദേശങ്ങളിൽ കൊവിഡ് വ്യാപന ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ രണ്ടാംഘട്ടമായി ആശുപത്രികളിലേക്ക് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ്, ത്രീ ലെയർ മാസ്ക്, പിപിഇ കിറ്റ്, സാനിറ്റൈസർ, ഗ്ലൗസുകൾ എന്നിവ വാങ്ങുന്നതിനായി എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ജാഗ്രതാ നിർദേശങ്ങൾ നൽകാനും നിയോജകമണ്ഡലം തലത്തിൽ ജനപ്രതിനിധികളും ആരോഗ്യ - റവന്യൂ - പൊലീസ് ഉൾപ്പെടെയുള്ള അധികൃതരുടെയും യോഗങ്ങൾ കൃത്യമായി ചേരുന്നുണ്ട്. ആദിവാസി കോളനികളിലും മറ്റും ഉറവിടമില്ലാതെ രോഗം പകരാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ആരോഗ്യപ്രവർത്തകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എല്ലാ പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ആരംഭിക്കുവാൻ നടപടികൾ സ്വീകരിച്ചു. എല്ലാ പഞ്ചായത്തിലും ഒരു ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററെങ്കിലും സജ്ജമാക്കും. കൂടുതൽ സ്ഥലസൗകര്യം ലഭിച്ചാൽ കൂടുതൽ സെന്ററുകൾ ആരംഭിക്കും. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും കണ്ടെയ്ൻമെന്റ് സോൺ ആയും അല്ലാതെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന മേഖലകളിൽ അണുനശീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.