ന്യൂഡൽഹി: കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് ഇരുപത്തൊന്ന് വയസ്. ചരിത്ര പോരാട്ടത്തിനൊടുവിൽ അതിർത്തി കടന്നെത്തിയ ശത്രുക്കളെ തുരത്തിയോടിച്ച്, വീരസൈനികർ ഇന്ത്യയ്ക്ക് നേടിക്കൊടുത്ത വിജയം. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിപ്പിടിക്കാൻ 527 ധീര സൈനികരാണ് വീരമൃത്യു വരിച്ചത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 21 വർഷം മുൻപ് കാർഗിലിൽ വച്ച് നടന്ന യുദ്ധത്തെ 'യുദ്ധം' എന്നല്ല പാകിസ്ഥാൻ സൈന്യത്തിന്റെ ഔദ്യോഗിക രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കാർഗിൽ വാറിനെ സൂചിപ്പിക്കാൻ 'സംഘട്ടനം' എന്ന വാക്കാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നത്. ഇതിന് ഒരു കാരണമുണ്ട്. കാർഗിലിൽ തങ്ങൾ നുഴഞ്ഞു കയറിയതിനെ കുറിച്ച് പാകിസ്ഥാൻ പറഞ്ഞുപരത്തിയ കള്ളങ്ങളാണ് ഇങ്ങനെ യുദ്ധത്തെ അവർ വിശേഷിപ്പിക്കാനുള്ള കാരണം. തങ്ങളുടെ സൈനികർ ഒരിക്കലും നിയന്ത്രണ രേഖ മുറിച്ച് കടന്നിരുന്നില്ലെന്നും തീവ്രവാദികളും കൂലിപ്പട്ടാളക്കാരുമാണ് നിയന്ത്രണരേഖ മുറിച്ചുകടന്ന് കാർഗിൽ കൈവശപ്പെടുത്തിയതെന്നുമായിരുന്നു പാകിസ്ഥാനിൽ നിന്നും ഇന്ത്യയ്ക്ക് ലഭിച്ച ഔദ്യോഗിക വിവരം. ഇതനുസരിച്ച് പ്രവർത്തിച്ച ഇന്ത്യൻ സൈന്യം അധികം സൈനികബലം ഉപയോഗിക്കാതെയായിരുന്നു നുഴഞ്ഞുകയറ്റക്കാരെ നേരിട്ടത്. ഇത്തരത്തിൽ ഇവരെ നേരിട്ട ഇന്ത്യയുടെ നിരവധി ധീര ജവാൻമാരാണ് പാകിസ്ഥാൻ പട്ടാളത്തിന്റെ ക്രൂര പീഡനത്തിലൂടെ മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ചത്.
1999ലെ കൊടും ശൈത്യത്തിൽ കാർഗിൽ ജില്ലയിലെ ഇന്ത്യൻ അധീനതയിലുള്ള പ്രദേശങ്ങൾ പിടിച്ചടക്കിയ പാകിസ്ഥാൻ 'ഭീകര'രെ കണ്ടെത്താനും അവരെ തുരത്താനുമായി ഓപ്പറേഷൻ വിജയ് എന്ന പേരിൽ എത്തിയ ഇന്ത്യൻ സൈന്യം അമ്പരന്നുപോയി. തങ്ങൾ വിചാരിച്ചത് പോലെയല്ല കാര്യങ്ങൾ എന്ന് മനസിലാക്കാൻ ഇന്ത്യൻ സൈന്യത്തിന് അധിക സമയം വേണ്ടി വന്നില്ല. പത്തോ മുപ്പതോ തീവ്രവാദികളാണ് അതിക്രമിച്ചു കടന്നതെന്ന് കരുതിയ ഇന്ത്യൻ സൈന്യം ഇവിടെ കണ്ടത് പാകിസ്ഥാൻ പട്ടാളത്തിന്റെ നോർത്തേൺ ലൈറ്റ് ഇൻഫന്ററിയെയാണ്. പാകിസ്ഥാനി സൈനിക മേധാവിത്വത്തിന്റെയും ഭരണകൂടത്തിന്റെയും വ്യക്തമായ നിർദ്ദേശം ലഭിച്ചത് അനുസരിച്ചാണ് ഇവർ കാർഗിൽ പിടിച്ചടക്കാനെത്തിയത്.
കാർഗിലിലെ ദ്രസ്, കക്സർ, മുഷ്‌ക്കോ എന്നീ പ്രദേശങ്ങളാണ് പാകിസ്ഥാൻ കൈവശപ്പെടുത്തിയിരുന്നത്. തുടർന്ന് തയാറെടുപ്പുകൾ നടത്താതെ നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കാനെത്തിയ ഇന്ത്യൻ സൈന്യത്തോട് അതിക്രൂരമായണ് അവർ പെരുമാറിയത്. കൂടാതെ തങ്ങളുടെ സൈനികരല്ല കാർഗിലിൽ അതിക്രമിച്ച് കടന്നതെന്ന നുണ വർഷങ്ങളോളമാണ് പാകിസ്ഥാൻ പ്രചരിപ്പിച്ചത്. എന്നാൽ സത്യം വെളിച്ചത്ത് കൊണ്ടുവരുന്ന രേഖകൾ ഇപ്പോൾ പാകിസ്താനിലും ഇന്ത്യയിലും ലഭ്യമാണ്. അപ്പോഴത്തെ സൈനിക മേധാവിയായിരുന്ന, മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി പർവേസ് മുഷറഫിന്റെ താത്പര്യപ്രകാരമാണ് കാർഗിൽ പിടിച്ചടക്കാൻ പാകിസ്ഥാൻ സൈന്യം ഇറങ്ങിത്തിരിച്ചത്. പൂർണമായും മുഷറഫിന്റെ നിയന്ത്രണത്തിലായിരുന്നു പാകിസ്ഥാന്റെ ഓപ്പറേഷൻ. 'കോ പൈമ' എന്നായിരുന്നു ഓപ്പറേഷന്റെ പേര്. അക്ഷരാർത്ഥത്തിൽ 'മല കയറ്റക്കാരൻ'.
ഓപ്പറേഷൻ 'കോ പൈമ' ആരംഭിച്ച ശേഷം നവാസ് ഷെരീഫ് പലതവണ കാർഗിൽ സന്ദർശിച്ചിരുന്നു. അധിനിവേശം നടത്തിയ പക് സൈനികരെ തകർക്കാൻ ഇന്ത്യൻ സൈന്യത്തിനാവില്ല എന്ന അമിതാത്മ വിശ്വാസത്തോടെയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി അവിടെ നിന്നും മടങ്ങിയത്. എന്നാൽ നെഞ്ചുംവിരിച്ച് തങ്ങളുടെ രാജ്യത്തിന് വേണ്ടി ഇന്ത്യയുടെ ധീരജവാന്മാർ എത്തിയതോടെ പത്തിമടക്കി മടങ്ങുകയല്ലാതെ പാകിസ്ഥാന് വേറെ മാർഗമില്ലായിരുന്നു. ജൂലായ് 14ന് കാര്‍ഗിലില്‍ ഇന്ത്യ വിജയം വരിച്ചതായി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലായ് 26 ന് പാകിസ്ഥാനുമായുള്ള യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. ധീരജവാന്മാരുടെ പോരാട്ടവീര്യത്തെ ഇരുപത്തിയൊന്ന് വർഷങ്ങൾക്കിപ്പുറം രാജ്യം അനുസ്മരിക്കുകയാണ്.