covid19

കൊൽക്കത്ത: ആംബുലൻസ് ഡ്രൈവർ കൊവിഡ് ബാധിതരോട് അമിത നിരക്ക് ആവശ്യപ്പെട്ടതായി പരാതി. കൊൽക്കത്തയിലാണ് സംഭവം. ഒരു ആശുപത്രിയിൽ നിന്ന് ആറ് കിലോമീറ്റർ ദൂരത്തിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് പോകണമെങ്കിൽ 9,200 രൂപ നൽകണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടു. പണം നൽകാത്തതിനാൽ കൊവിഡ് ബാധിച്ച ആൺകുട്ടികളെയും അവരുടെ അമ്മയെയും വാഹനത്തിൽ നിന്ന് ഇറക്കിവിടാൻ ഇയാൾ ശ്രമിച്ചെന്നാണ് ആരോപണം.

എന്നാൽ ഡോക്ടർമാരുടെ ഇടപെടലിനെ തുടർന്ന് രണ്ടായിരം രൂപയ്ക്ക് ഡ്രൈവർ സമ്മതിച്ചതായി ആൺകുട്ടികളുടെ പിതാവ് പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചൈൽഡ് ഹെൽത്തിൽ (ഐ.സി..എച്ച്) ചികിത്സയിൽ കഴിയുന്ന ഒൻപത് മാസം പ്രായമുള്ള കുട്ടിയ്ക്കും, ഒമ്പതര വയസുള്ള കുട്ടിയ്ക്കും വെള്ളിയാഴ്ചയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തുടർന്ന് മറ്റൊരു ആശുപത്രിയിലെത്തിക്കാൻ അവരുടെ പിതാവ് ശ്രമിച്ചു.

'ഐ.സി.എച്ചിൽ നിന്ന് ആറ് കിലോമീറ്റർ ദൂരമുള്ള കൊൽക്കത്ത മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡ്രൈവർ എന്നോട് 9,200 രൂപ ആവശ്യപ്പെട്ടു. അത്രയും പണം എനിക്ക് നൽകാനാവില്ലെന്ന് പറഞ്ഞു, ഞാൻ അയാളോട് അപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ അയാൾ എന്റെ ഇളയ മകന് നൽകിക്കൊണ്ടിരുന്ന ഓക്സിജൻ നീക്കം ചെയ്യുകയും, അവരെയും, അവരുടെ അമ്മയെയും ആംബുലൻസിൽ നിന്ന് പുറത്താക്കുകയും ചെയ്തു' ഹൂഗ്ലി ജില്ലയിലെ പിതാവ് പറഞ്ഞു. അതടൊപ്പം തങ്ങളെ സഹായിച്ച ഡോക്ടർമാരോട് അദ്ദേഹം നന്ദി പറഞ്ഞു.