king

പോംഗ്‌ഗ്യാംങ്: കിം ജോംഗ് ഉന്നി​ന്റെ ഉത്തരകൊറിയയിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ടുചെയ്തു. അതിർത്തിപട്ടണമായ കോസോങ്ങിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഇതിനെത്തുടർന്ന് പ്രദേശത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.എന്നാൽ കൊവിഡ് സ്ഥിരീകരിച്ചവിവരം ഇതുവരെ ഔദ്യാേഗികമായി പുറത്തുവിട്ടിട്ടില്ല.

ദക്ഷിണ കൊറിയയിൽ നിന്ന് അനധികൃതമായി അതിർത്തികടന്നെത്തിയ ആൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് പൊളിറ്റ്ബ്യൂറോ യോഗം ചേർന്നിരുന്നു. രാജ്യത്ത് അതീവജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നുകൊല്ലം മുമ്പ് ദക്ഷിണകൊറിയയിലേക്ക് പോയ യുവാവ് ഈ മാസം 19നാണ് രാജ്യത്ത് മടങ്ങിയെത്തിയത്. തുടർന്ന് ഇയാളെ ക്വാറന്റൈനിലാക്കി. നിരീക്ഷണത്തിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്.

രാജ്യത്തെ ആരോഗ്യരംഗം വളരെ മോശം അവസ്ഥയിലാണ്. പകർച്ചവ്യാധികളെ ഫലവത്തായി പ്രതിരോധിക്കാനുളള സജ്ജീകരണങ്ങൾ ഇല്ലെന്നുതന്നെ പറയാം. അതിനാൽ കൊവിഡ് കേസ് റിപ്പോർട്ടുചെയ്തത് വളരെ ഗൗരവത്തോടെയാണ് അധികൃതർ നോക്കുന്നത്.

ചൈനയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ രാജ്യത്ത് കൊവിഡ് വ്യാപനം തടയാനുളള മുന്നൊരുക്കങ്ങൾ കിം ജോംഗ് നടത്തിയിരുന്നു. രാജ്യാതിർത്തികൾ അടച്ചിടുകയാണ് ആദ്യംചെയ്തത്. തുടർന്ന് ജനങ്ങൾക്ക് സമ്പർക്ക വിലക്കും ഏർപ്പെടുത്തി. ഈ നടപടികൾ മൂലമാണ് രാജ്യത്ത് കൊവിഡ് എത്താത്തതെന്ന് അടുത്തിടെ കിം ജോംഗ് വ്യക്തമാക്കിയിരുന്നു. അതിർത്തി അടച്ചിടൽ ഉൾപ്പടെയുളള നിയന്ത്രണങ്ങളിൽ ഇളവുനൽകരുതെന്നും ഉൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഉത്തരകൊറിയയിൽ കൊവിഡ് മൂലം നിരവധിപേർ മരിച്ചുവെന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്യുന്നത്. രോഗബാധ ഉണ്ടായവരെ കൊന്നൊടുക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.