ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ഓർമപ്പെടുത്തുന്ന കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്. 1999 മേയ് മുതൽ ജൂലായ് വരെ നടന്ന യുദ്ധത്തിലാണ് ഇന്ത്യ പാകിസ്ഥാനു മേൽ വിജയം നേടിയത്. ഗാൽവാനിൽ ചെെനയുടെ പ്രകോപനമുണ്ടായ സമയത്തും കാർഗിൽ ചർച്ചചെയ്യപ്പെട്ടിരുന്നു.
ഗാൽവാനിലാണ് ചെെനയുടെ പ്രകോപന നീക്കങ്ങളുണ്ടായത്. ഈ സമയത്ത് പാകിസ്ഥാനെ ഇന്ത്യ എങ്ങനെ കീഴടക്കി എന്നത് ഓർക്കേണ്ട പാഠമാണ്. പാകിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചിരുന്നു. ഗാൽവാനിലെ പിരിമുറുക്കങ്ങൾക്കും സെെനിക വിന്യാസങ്ങൾക്കും ശേഷം മൂന്ന് പട്രോളിംഗ് സ്ഥലങ്ങളിൽ നിന്ന് സെെന്യത്തെ പിൻവലിച്ചു.
ഗാൽവാനിലും കാർഗിൽ പോരാട്ടത്തിന്റേതുപോലുള്ള ചില സൂചനകൾ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ജൂൺ 15ന് ഗാൽവാനിൽ ഇന്ത്യൻ സെെനികരും ചെെനീസ് പട്ടാളവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സെെനികർ വീരമൃത്യുവരിച്ചു. അതേസമയം പാകിസ്ഥാനുമായുള്ള കാർഗിൽ യുദ്ധത്തിൽ ഇന്ത്യക്ക് നഷ്ടമായത് 500 വീരനായകരെയാണ്.
കാർഗിൽ യുദ്ധത്തിനു ശേഷം ഇന്ത്യയിൽ നടന്ന പ്രധാന അതിർത്തി വിഷയമാണ് ഗാൽവാൻ ഏറ്റുമുട്ടൽ. കാർഗിൽ നിന്നും ഇന്ത്യ പഠിച്ച പാഠങ്ങളാണ് ഗാൽവാനിലെ നീക്കങ്ങൾക്ക് തുണയായോയെന്ന് പ്രതിരോധ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
എന്നാൽ, ഗാൽവാനിൽ കണ്ടത് ഇന്ത്യയുടെ രഹസ്യാന്വേഷണത്തിന്റെ പരാജയമാണെന്നും വിമർശനങ്ങളുണ്ട്. മാർച്ച് മുതൽ ഗാൽവാനിൽ പിരിമുറുക്കങ്ങൾ വർദ്ധിച്ചിരുന്നു. അതേസമയം കാർഗിൽ സമയത്ത്, 1999 മേയ് ആദ്യ വാരത്തിലാണ് ഇൻഫൻട്രി ഡിവിഷന് നുഴഞ്ഞുകയറ്റത്തിന്റെ വിവരം ലഭിച്ചത്.
പിന്നീട് വൻ നുഴഞ്ഞുകയറ്റമാണ് നടന്നതെന്ന് കണ്ടെത്തി. ഓപ്പറേഷൻ വിജയ് സമയത്ത് 8 മൗണ്ടെയിൻ ഡിവിഷൻ തലവനായിരുന്ന റിട്ട. ലെഫ്റ്റനന്റ് ജനറൽ മൊഹീന്ദർ പുരി ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ ഗാൽവാനിൽ പൊടുന്നനെ നടന്ന ഒരു സംഭവമാണ്. ഇന്ത്യ പിടിച്ചു നിന്നു.
ചെെനക്കാരെ ഒരിക്കലും വിശ്വസിക്കരുതെന്ന് ധീരതാ പുരസ്കാരം നേടിയ കേണൽ സോനം വാങ്ചുക് വ്യക്തമാക്കിയിരുന്നു. അവർ തങ്ങളുടെ താൽപര്യത്തിനു വേണ്ടി നിലപാടുകൾ മാറ്റിക്കൊണ്ടേയിരിക്കുമെന്നും, പലപ്പോഴും നമ്മൾ പോലും അറിയാതെ പ്രകോപന നീക്കം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.