ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ചടങ്ങ് ദൂരദർശൻ തത്സമയം സംപ്രേഷണം ചെയ്യും. ചടങ്ങിന്റെ വിശദാംശങ്ങൾ ട്വിറ്ററിലൂടെ ശ്രീറാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് വെളിപ്പെടുത്തി.
'ശ്രീ രാം ജന്മഭൂമി മന്ദിറിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിൽ എത്തും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചരിത്രപരമായ നിമിഷമായിരിക്കും ഇത്. ചടങ്ങ് ദൂരദർശനിൽ തത്സമയം സംപ്രേഷണം ചെയ്യും. മറ്റ് ചാനലുകളും ഇത് പ്രക്ഷേപണം ചെയ്യും'- ട്രസ്റ്റ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ മറ്റേതൊരു പരിപാടിയും പോലെ ഇതും ഉൾപ്പെടുത്തുമെന്ന് പ്രസാർ ഭാരതി വൃത്തങ്ങൾ അറിയിച്ചു.ശനിയാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യ സന്ദർശിച്ച് ഭൂമി പൂജയ്ക്ക് മുന്നോടിയുള്ള ക്രമീകരണങ്ങൾ വിലയിരുത്തി.ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി അയോദ്ധ്യയിലുണ്ടാകുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെദേശീയ വക്താവ് വിനോദ് ബൻസലും ട്വീറ്റ് ചെയ്തിട്ടുണ്ട്.