'ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് വിവാഹം നിശ്ചയിച്ചിരുന്നത്.അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരടക്കം എല്ലാ മന്ത്രിമാരും നേരത്തെ എത്തിയിരുന്നു.താൻ തലേന്ന് വാങ്ങിക്കൊടുത്തയച്ച വിവാഹസാരി തന്നെയാണോ വധുവായ ഞാൻ ഉടുക്കുന്നതെന്ന് ഉറപ്പുവരുത്താൻ മന്ത്രി കെ.ആർ. ഗൗരി അമ്മ വളരെ നേരത്തെ എത്തി." -പെരുമൺ ദുരന്തത്താൽ തന്റെ വിവാഹം നിശ്ചയിച്ച സമയത്തിലും മുമ്പെ നടത്തേണ്ടി വന്നതിനെക്കുറിച്ച് മന്ത്രി ജെ.മെഴ്സിക്കുട്ടി അമ്മ സംസാരിക്കുകയായിരുന്നു.
കാലം
1988 ജൂലായ് 8
'രണ്ടേകാൽ മണിയോടെയാണ് അപകടവാർത്ത അറിഞ്ഞത്. അപകടം നടന്ന സ്ഥലത്തെക്കൂടി പ്രതിനിധാനം ചെയ്യുന്ന കുണ്ടറ മണ്ഡലത്തിലെ എം.എൽ.എയുമാണല്ലോ ഞാൻ . നേതാക്കൾ കൂടിയാലോചിച്ചു.നിശ്ചയിച്ച മുഹൂർത്തത്തിൽ നിന്ന് അരമണിക്കൂർ മുമ്പ് തന്നെ മാലയിടീൽ നടത്തി. ഉടൻതന്നെ ഭർത്താവ് തുളസീധരക്കുറുപ്പുമൊത്ത് പെരുമണിലേക്ക് പോയി.വധുവിനെ ഭർതൃഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ചടങ്ങുണ്ടല്ലോ. വിവാഹം നടന്ന കൊല്ലം മുനിസിപ്പൽ ടൗൺഹാളിൽ ഭർത്താവിന്റെ അമ്മയും സഹോദരിയുമൊക്കെ കാത്തിരിപ്പുണ്ടായിരുന്നു. വൈകിട്ട് ആറരയായപ്പോൾ ഞങ്ങൾ അവിടേക്ക് പോയി.അപ്പോഴേക്കും ജീവനുള്ളവരെയെല്ലാം രക്ഷപ്പെടുത്തിയിരുന്നു.വീട്ടിലെത്തി വേഷം മാറി കൊല്ലം ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്നും വീണ്ടും പെരുമണിലേക്കും പോയി രാത്രി പന്ത്രണ്ടര കഴിഞ്ഞാണ് തിരികെ പോന്നത്. തുടർന്നുള്ള ദിവസങ്ങളിലും പകൽ പെരുമണിൽത്തന്നെയായിരുന്നു.വിവാഹത്തിന് ഹനൻമുള്ളയടക്കമുള്ള നേതാക്കളുണ്ടായിരുന്നുവെന്ന് ഞാൻ പിന്നീട് ആൽബത്തിലെ ഫോട്ടായിലാണ് കണ്ടത്."-മെഴ്സിക്കുട്ടി അമ്മ പറഞ്ഞു.
ബാംഗ്ളൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഐലൻഡ് എക്സ്പ്രസ് തീവണ്ടിയാണ് കൊല്ലം പെരുമണിൽ അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്.ഔദ്യോഗിക കണക്കുകൾ പ്രകാരം അപകടത്തിൽ 106 പേരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നേകാൽ മണിയോടെയായിരുന്നു പെരുമൺ പാലത്തിൽ നിന്ന് തീവണ്ടി കായലിലേക്ക് വീണത്.എഞ്ചിനും മുന്നിലെ ഒരു ബോഗിയും പാഴ്സൽ വാനും ഒഴിച്ച് മറ്റെല്ലാ ബോഗികളും കായലിൽ പതിച്ചു. ദുരന്തം നടന്ന് അമ്പത്തിയഞ്ചാമത്തെ ദിവസമാണ് അവസാന മൃതദേഹം അഷ്ടമുടിക്കായലിൽ നിന്ന് കണ്ടെടുക്കുന്നത്. ചീർത്ത് വീർത്ത ആ ശരീരത്തിന്റെ ഉടമയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.കൂടാതെ മാന്നാറിലെ ഒരു വീട്ടിൽ അപകടത്തിൽ പെട്ടു മരിച്ചതായി കരുതി ദഹിപ്പിച്ചയാൾ മൂന്ന് ദിവസം കഴിഞ്ഞ് മടങ്ങിയെത്തിയിരുന്നു. അവിടെ പകരം ദഹിപ്പിച്ചതാരാണെന്നും തിരിച്ചറിഞ്ഞില്ല.ഈ മുപ്പത്തിരണ്ടാം വർഷത്തിലും രണ്ട് പേർ അങ്ങനെ അജ്ഞാതരായി തുടരുന്നു.
'അമ്മ മരിച്ച ഒരു കുട്ടിയുണ്ട് "
'തൃശൂരിൽ നിന്ന് രാവിലെ 8.05 നായിരുന്നു ഐലൻഡ് തിരിച്ചത്. മെഴ്സിക്കുട്ടിയുടെ വിവാഹത്തിന് കൊല്ലത്തേക്ക് പോവുകയായിരുന്നു.ഫസ്റ്റ് ക്ളാസിലാണ് ആദ്യം തെറ്റിക്കയറിയത്. എം.പിയുടെ ഭാര്യയായതിനാൽ ഫസ്റ്റ് ക്ളാസിൽ സഞ്ചരിക്കാനുള്ള സ്പൗസ് പാസുണ്ടായിരുന്നു. എന്നാൽ കഴിയുന്നതും സെക്കൻഡ് ക്ലാസ്സിൽ യാത്ര ചെയ്യണമെന്ന ബേബിയുടെ ഉപദേശം കാരണമാണ് ഫസ്റ്റ് ക്ലാസ്സിൽ നിന്ന് പൊടുന്നനെ തിരികെ ഇറങ്ങി സെക്കൻഡ് ക്ളാസിൽ കയറിയത്. ഞങ്ങളെ യാത്രയയ്ക്കാൻ എന്റെ ഡാഡി വന്നിരുന്നു. ഡാഡി നിർബന്ധിച്ചതു കൊണ്ട് മാത്രമാണ് പരിചയമില്ലാത്ത ഒരാളുടെ അടുത്തായി കിട്ടിയ സീറ്റിൽ മോനെയും കൊണ്ട് ഇരുന്നത്. തോമസ് എന്ന ആ ആളാണ് അപ്പുവിനെ രക്ഷിച്ചത്. പെരുമൺ അപകടത്തിൽ നിന്നും മോനെ രക്ഷിക്കാൻ സാധിച്ചതിനും, എന്നെ പിന്നീട് രക്ഷപ്പെടുത്താൻ കഴിഞ്ഞതിനും, ഡാഡിയ്ക്കും ബേബിക്കും കൂടി ഇത്തരത്തിൽ പങ്കുണ്ട്.ഫസ്റ്റ് ക്ലാസ്സ് ബോഗിയിലുണ്ടായിരുന്ന യാത്രക്കാരെല്ലാവരും മരണപ്പെട്ടിരുന്നു. ഞാൻ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ട്രെയിൻ കായലിൽ വീണ് ബോഗിയിലേക്ക് വെള്ളം ഇരച്ചു കയറി. വെള്ളത്തിനടിയിൽപ്പെട്ടിട്ടും ഞങ്ങളുടെ പൊന്നു മോനെ കൈ വിടാതെ പിടിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ഞങ്ങളുടെ സഹയാത്രികനായ തോമസിന്റെ കൈയിലേക്ക് അപ്പുവിനെ ഇട്ടുകൊടുക്കുകയായിരുന്നു. ദുരന്തത്തിനിരയായ തീവണ്ടിയിൽ യാത്രികരായിരുന്നിട്ടും താനും മകൻ അപ്പുവും (അശോക് ) അദ്ഭുതകരമായി രക്ഷപ്പെട്ട കഥ സി.പി.എം പി.ബി അംഗം എം.എ.ബേബിയുടെ ഭാര്യ ബെറ്റി ലൂയിസ് ബേബി പറഞ്ഞു.
കെ.എസ്.എഫ് ഇ യിലെ മാനേജരായിരുന്ന തോമസ് ഇപ്പോൾ വരാപ്പുഴയിലുണ്ട്. മോനെ പുറത്തെത്തിച്ചു കഴിഞ്ഞാണ് ബെറ്റിക്ക് വെള്ളത്തിൽ നിന്ന് കേറാനായത്. വീണ്ടും വെള്ളത്തിലേക്കു വീണുപോയ ബെറ്റി ഒരുപക്ഷേ മരിച്ചിട്ടുണ്ടാവാം എന്നായിരുന്നു മറ്റുള്ളവരുടെ നിഗമനം. കരയിലെത്തി മോനെ തെരഞ്ഞ ബെറ്റിയോട് അവിടെ നിന്ന ഒരു സ്ത്രീ പറഞ്ഞു 'അമ്മ മരിച്ച ഒരു കുട്ടി അവിടെയൊരു വീട്ടിലുണ്ടെന്ന് ". ഓടിച്ചെന്നു നോക്കിയപ്പോൾ അപ്പു അവിടെയുണ്ട്. ബെറ്റി മോനെ വാരിയെടുത്തു.ഭാര്യയെ കൂട്ടിക്കൊണ്ടു വരാൻ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയ എം.എ.ബേബിയോട് ട്രെയിൻ കായലിൽ വീണ് മുഴുവൻ യാത്രക്കാരും മരിച്ചെന്നായിരുന്നു സ്റ്റേഷൻ മാസ്റ്റർ പറഞ്ഞത്. പെരുമണിലേക്ക് പോയ ഒരു എഞ്ചിനിൽ ബേബിയെ സ്റ്റേഷൻ മാസ്റ്റർ കയറ്റി വിട്ടു.ഭാര്യയും മകനും ജീവനോടെയുണ്ടെന്ന ആശ്വാസവാർത്തയാണ് അവിടെ ബേബിയെ കാത്തിരുന്നത്.
'നിന്റെ പാട് നോക്കി പോടാ "
മെഴ്സിക്കുട്ടിയുടെ കല്യാണത്തിൽ പങ്കെടുക്കാൻ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഐലൻഡ് എക്സ്പ്രസിൽ കയറാനിരുന്ന സി.പി.എം നേതാവ് എം.എം.ലോറൻസിന് തലനാരിഴയ്ക്കാണ് ട്രെയിൻ മിസ് ചെയ്തത്. അതേക്കുറിച്ച് എം.എം.ലോറൻസ് പറഞ്ഞു. ' ഞാൻ വിവാഹത്തിന് പോകുന്നുവെന്നറിഞ്ഞ് അനുജൻ എം.എം.മാത്യുവും ഭാര്യ ഡെന്നയും കൂടെ വരുന്നെന്നു പറഞ്ഞു. കലൂരിൽ പാർട്ടി ഓഫീസായ ലെനിൻ സെന്ററിൽ നിന്ന് സമയമായപ്പോൾ റെയിൽവേ സ്റ്റേഷനിലെത്തി. പക്ഷേ ഡെന്ന വരാൻ വൈകി. ഡെന്ന വന്നപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ഒറ്റയ്ക്കാണെങ്കിൽ ഞാൻ ചാടിക്കേറിയേനെ... പക്ഷേ വേണ്ടെന്നു വച്ചു. നീങ്ങുന്ന ട്രെയിനിനെ ഒരു വ്യക്തിയായി സങ്കല്പിച്ച് ഞാൻ രോഷത്തോടെ പറഞ്ഞു 'നിന്റെ പാട് നോക്കി പോടായെന്ന്" ചിരിച്ചുകൊണ്ട് ലോറൻസ് പറഞ്ഞു. ട്രെയിൻ പോയതിനാൽ സുഹൃത്തിന്റെ കാറിൽ ലോറൻസ് കൊല്ലത്തെത്തി. അപ്പോഴാണ് അപകട വിവരം അറിയുന്നത്.ലോറൻസ് തീവണ്ടിയിൽ കേറിയിരുന്നോയെന്ന് ആകെ ആശയക്കുഴപ്പമായിരുന്നു. അന്ന് മൊബൈൽ ഫോണൊന്നുമില്ലായിരുന്നു. പെരുമണിൽ ചെന്ന ലോറൻസിനെ അവിടെയുണ്ടായിരുന്ന മന്ത്രിമാരായ ബേബിജോണും ഗൗരി അമ്മയും അത്ഭുതത്തോടയാണ് നോക്കിയത് - ലോറൻസ് പറഞ്ഞു.
അപകടത്തിന്റെ വിചിത്ര കാരണം
പെരുമണിൽ തീവണ്ടി മറിഞ്ഞത് ടൊർണാഡോ അഥവാ മിന്നൽച്ചുഴലിക്കാറ്റെന്ന പ്രതിഭാസം മൂലമാണെന്നായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിച്ച റെയിൽവേ സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. മെക്കാനിക്കൽ,സിവിൽ എൻജിനിയറിംഗ് വിഭാഗത്തെ സംരക്ഷിക്കാനുള്ള നീക്കമായിരുന്നു. ഒപ്പം റെയിൽവേയുടെ വീഴ്ച മൂലമാണ് അപകടം നടന്നതെന്ന് വന്നാൽ വലിയതോതിൽ നഷ്ടപരിഹാരം റെയിൽവേ നൽകേണ്ടിയും വരുമായിരുന്നു. അതായിരുന്നു പ്രകൃതിദുരന്തമാണ് കാരണമെന്ന് വരുത്തിത്തീർത്തത്." റെയിൽവേയിൽ അക്കാലത്ത് ഉന്നത പദവി വഹിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.തീവണ്ടി നല്ല വേഗത്തിലായിരുന്നു. പാലത്തിൽ കേറിയപ്പോൾ സഡൻ ബ്രേക്കിട്ടു. അതിന്റെ ആഘാതത്തിൽ ബോഗികൾക്കിടയിലുള്ള കപ്ളിംഗ് വിട്ടു.പിന്നിലേക്കുള്ള തള്ളലിൽ നിന്ന് അതേ ആയത്തിൽ മുന്നോട്ടുവന്ന് ബോഗികൾ തമ്മിലിടിച്ച് മറിയുകയായിരുന്നു.പാളത്തിലെ ഫിഷ്പ്ളേറ്റുകൾ ചിലത് ഇളകിയിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.തീവണ്ടി വരുന്നതിന് അല്പനേരം മുമ്പ് പാളത്തിൽ പണിനടന്നത് കണ്ടവരുണ്ട്. അവിടെ വലിയ കാറ്റൊന്നുമില്ലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. കായലിൽ വീണ ബോഗികൾ കയറ്റാൻ മാപ്പിള ഖലാസികളുടെ സേവനവും പ്രയോജനപ്പെടുത്തിയിരുന്നു.
അക്കാലത്ത് റെയിൽവേയ്ക്ക് നഷ്ടപരിഹാരം നൽകാനുള്ള വകുപ്പില്ലായിരുന്നു. കേന്ദ്ര സർക്കാർ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 രൂപ മാത്രമാണ് പലർക്കും ലഭിച്ചത്. തനിക്കാകെ സംസ്ഥാന സർക്കാരിൽ നിന്ന് ആയിരം രൂപയും കേന്ദ്രത്തിൽ നിന്ന് 6000 രൂപയും മാത്രമാണ് ലഭിച്ചതെന്ന് മരണത്തിൽ നിന്ന് പരിക്കോടെ രക്ഷപ്പെട്ട യാത്രക്കാരി തിരുവനന്തപുരം പേട്ട ആനയറ കളത്തുവിളാകം വീട്ടിൽ വിജയമ്മ പറയുന്നു.
മാധവറാവു സിന്ധ്യയായിരുന്നു അന്ന് കേന്ദ്ര റെയിൽവേ മന്ത്രി. സിന്ധ്യ കൊല്ലത്ത് വന്നിരുന്നു. നഷ്ടപരിഹാരത്തിനു വേണ്ടി റെയിൽവേയ്ക്കു മുന്നിൽ അപേക്ഷകളുടെ കൂമ്പാരമായിരുന്നു.ട്രെയിനിൽ സഞ്ചരിക്കാത്തവർ പോലും അപേക്ഷ നൽകി. സിന്ധ്യ ഒരു കാര്യം ചെയ്തു. റെയിൽവേ ആക്ട് ഭേദഗതി ചെയ്തു. ആക്സിഡന്റ് കോമ്പൻസേഷൻ വകുപ്പുകൂടി പുതുതായി ചേർത്തു. തീവണ്ടിയപകടത്തിൽ മരിക്കുന്നവർക്ക് രണ്ട് ലക്ഷം ,പരിക്കേൽക്കുന്നവർക്ക് ഇത്ര എന്നിങ്ങനെ മാർഗരേഖയുണ്ടാക്കി. ഇന്ന് അത് 8 ലക്ഷം വരെയെത്തി.
പത്രപ്രവർത്തന പഠനം കഴിഞ്ഞ് ജോലിയിൽ കയറിയ ഉടനായിരുന്നു പെരുമൺ റിപ്പോർട്ടിംഗ്.അതേക്കുറിച്ചോർക്കുമ്പോൾ മനസിലേക്ക് വരുന്ന ആദ്യചിത്രം കൊല്ലം ജില്ലാ ആശുപത്രിയിലെ കാർഷെഡ്ഡിനരികിൽ നിരത്തിയിട്ടിരുന്ന മൃതദേഹങ്ങളുടേതാണ്. കുളിച്ചിട്ടു കിടന്ന് ഉറങ്ങുന്നതുപോലെയായിരുന്നു എല്ലാം.അവരുടെ പേരും വിലാസവും കണ്ടുപിടിക്കുകയായിരുന്നു പ്രയാസം. പല നാടുകളിൽ നിന്നും വന്നവർ. ഇതിനിടെ പലരും സഹായം അഭ്യർത്ഥിക്കുന്നു. ഹിന്ദി സംസാരിക്കുന്നവരുമുണ്ടായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ മകനേയും മകളേയും തിരയുന്ന ഒരമ്മയുടെ മുഖം ഇന്നും മായാതെ മനസിലുണ്ട്.