urus

പിറവിയെടുത്ത് രണ്ടുവർഷത്തിനകം ലംബോർഗിനിയുടെ ഉറൂസ് സ്വന്തമാക്കിയത് 10,​000 ചങ്ങാതിമാരെ. 10,​000-മത്തെ ഉപഭോക്താവിനുള്ള സ്‌പെഷ്യൻ ഉറൂസ് എഡിഷൻ പറന്നത്,​ അങ്ങ് റഷ്യയിലേക്കാണ്. കാർബൺ ഫൈബർ പാക്കേജിൽ,​ പുതിയ നീറോ നോക്‌ടിസ് മാറ്ര് ബ്ളാക്ക് കളർ പതിപ്പാണ് റഷ്യൻ ഉപഭോക്താവിന് ലഭിച്ചത്. കാർബൺ ഫൈബർ ഘടകങ്ങളും ഓറ‍ഞ്ചും കറുപ്പും നിറങ്ങളും ചാലിച്ച 2-ടോൺ അഡ്-പേഴ്‌സണം ഇന്റീരിയറും മികവാണ്.

ഏറെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറ്റാലിയൻ സൂപ്പർ ലക്ഷ്വറി കാർ ബ്രാൻഡായ ലംബോർഗിനി വിപണിയിലെത്തിച്ച ആദ്യ എസ്.യു.വിയാണ് ഉറൂസ്. ജൂണിൽ ഇരട്ട കളർ കോമ്പിനേഷനോട് കൂടിയതും 4-ലെയർ പെയിന്റുള്ളതുമായ പുതിയ 'പേൾ കാപ്‌സ്യൂൾ" വേരിയന്റും ലംബോർഗിനി പരിചയപ്പെടുത്തിയിരുന്നു. ജിയാലോ ഇന്റി (മഞ്ഞ)​,​ അറാൻസ്യോ ബോറിയാലിസ് (ഓറഞ്ച്)​,​ വെർദെ മാന്റിസ് (പച്ച)​ എന്നിവയും ഗ്ളോസി ബ്ളാക്ക് റൂഫ്,​ റിയർ ഡിഫ്യൂസർ,​ സ്‌പോയിലർ ലിപ് എന്നിവയോട് കൂടിയതുമാണത്.

2017 ഡിസംബർ

ഉറൂസിനെ ലംബോർഗിനി വിപണിയിലെത്തിച്ചത് 2017 ഡിസംബറിലാണ്. 2018 ജനുവരിയിൽ ഇന്ത്യയിലെത്തി. ഉറൂസിന്റെ നിർമ്മാണത്തിനായി മാത്രം ഓട്ടോമൊബിലി ലംബോർഗിനി,​ ഇറ്രലിയിലെ മാനുഫാക്‌ചറിംഗ് പ്ലാന്റിന്റെ വിസ്തീർണം ഇരട്ടിയായി ഉയർത്തിയിരുന്നു.

₹3cr

ഇന്ത്യയിൽ എക്‌സ്‌ഷോറൂം വില

4.0L

641 എച്ച്.പി കരുത്തും 850 ന്യൂട്ടൺ മീറ്രർ ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് ഉറൂസിലെ 4.0 ലിറ്റർ ട്വിൻ ടർബോ വി8 എൻജിൻ.

305km/h

ഉറൂസിന്റെ ടോപ് സ്‌പീഡ്

3.6 sec

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഉറൂസിന് വേണ്ടത് വെറും 3.6 സെക്കൻഡ്